ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും കരുത്തുറ്റതും വേഗതയേറിയതുമായ സൈനിക ഹെലികോപ്റ്ററുകളായ ''ചിനൂക്ക് " ഇനി ഇന്ത്യയ്ക്ക് സ്വന്തം. യു.എസുമായുണ്ടാക്കിയ കരാർ പ്രകാരം രാജ്യത്ത് എത്തിച്ച ആദ്യ നാല് ചിനൂക്ക് ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. യു.എസ് കമ്പനിയായ ബോയിംഗാണ് ചിനൂക്കിന്റെ നിർമ്മാതാക്കൾ. ചണ്ഡീഗഡിലെ വ്യോമത്താവളത്തിൽ നടന്ന പരിപാടിയിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. വ്യോമസേനാമേധാവി ബി.എസ് ധനോവയാണ് ഹെലികോപ്റ്ററുകൾ സൈന്യത്തിന് കൈമാറിയത്. ചിനൂക്ക് സിഎച്ച് 47എഫ് (1) വിഭാഗത്തിൽപ്പെട്ട 15 ഹെലികോപ്റ്ററുകൾ വാങ്ങാനായി 8048 കോടി രൂപയുടെ കരാറാണ് ഇന്ത്യ യു.എസുമായി ഒപ്പിട്ടിരുന്നത്. ഇതിൽ ആദ്യ നാല് ഹെലികോപ്റ്ററുകളാണ് ഇന്നലെ കൈമാറിയത്. 2020ഓടെ 15 ഹെലികോപ്റ്ററുകളും ഇന്ത്യയിലെത്തും.
ഹീറോ ആണെടോ ഹീറോ
ആദ്യം പുറത്തിറക്കിയത്: 1962ൽ, ഇരട്ട എൻജിൻ.
ഇന്ത്യയുടെ തന്ത്രപ്രധാനമേഖലകളായ സിയാച്ചിനും ലഡാക്കും പോലെ ഉയരമേറിയ മേഖലകളിൽ എളുപ്പത്തിൽ എത്തിച്ചേർന്ന് സൈനികരെയും ആയുധങ്ങളും വിന്യസിക്കാം
അമേരിക്ക, ഇറാൻ, ഇറ്റലി , ജപ്പാൻ, ഒമാൻ, സ്പെയിൻ, ഓസ്ട്രേലിയ, അർജന്റീന, സൗത്ത് കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ചിനൂക്ക് ഉപയോഗിക്കുന്നു
2060 വരെ ഇന്ത്യയ്ക്ക് ഇവ ഉപയോഗിക്കാം
മണിക്കൂറിൽ പരമാവധി വേഗത 312 കിലോമീറ്റർ
12 ടണ്ണിനു മുകളിൽ ഭാരം വഹിക്കും
ടാങ്കുകൾ ഉൾപ്പെടെയുള്ള യുദ്ധസാമഗ്രികളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ സഹായകം
ഒരേസമയം 55 യാത്രക്കാരെ കയറ്റാം
രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ ആളുകളെ പെട്ടെന്ന് ഒഴിപ്പിക്കാം