air-india-boarding-pass

ന്യൂഡൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ എയർ ഇന്ത്യയുടെ ബോർഡിംഗ് പാസിൽ പ്രധാനമന്ത്രിയുടെ ചിത്രം. ഈ ബോർഡിംഗ് പാസിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാകുമെന്ന് ഭയന്ന് പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബോർഡിംഗ് പാസുകൾ പിൻവലിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. പഞ്ചാബ് മുൻ ഡി.ജി.പി ശശി കാന്തിനാണ് ഡൽഹി വിമാനത്താവളത്തിൽ വച്ച് നരേന്ദ്ര മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രിയുടെയും ചിത്രങ്ങൾ പതിച്ച ബോർഡിംഗ് പാസ് ലഭിച്ചത്. ഇതിനെ തുടർന്ന് അദ്ദേഹം ചിത്രം ട്വിറ്ററിൽ പോസ്റ്റുചെയ്യുകയായിരുന്നു.

കഴിഞ്ഞ ജനുവരിയിൽ നിക്ഷേപങ്ങൾ സ്വാഗതം ചെയ്തുകൊണ്ട് ഗുജറാത്തിൽ സംഘടിപ്പിച്ച വൈബ്രന്റ് ഗുജറാത്ത് എന്ന പരിപാടിയുടെ സമയത്ത് പരസ്യം സ്വീകരിച്ച് അടിച്ച ബോർഡിംഗ് പാസുകളാണ് ഇതെന്നാണ് എയർ ഇന്ത്യയുടെ ഭാഷ്യം. തേഡ് പാർട്ടി പരസ്യമായാണ് ഇത് സ്വീകരിച്ചതെന്നും ആയതിനാൽ ഇതിൽ പങ്കില്ലെന്നും എയർ ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്. എന്നിരുന്നാലും സംഭവം വിവാദമായതോടെയാണ് രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളുള്ള പാസ് പിൻവലിക്കാൻ തീരുമാനിച്ചത്.