തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും അതിനെത്തുടർന്ന് സംസ്ഥാനത്തുണ്ടായ ആക്രമപരമ്പരകളും കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലായിരുന്നു. രാജ്യത്തെ ഒരു പ്രമുഖ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയെ ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്തതും അന്ന് ദേശീയതലത്തിൽ ചർച്ചയായി. ശബരിമല പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയായിരുന്ന കെ.സുരേന്ദ്രൻ എന്ന ആ നേതാവ് ഇന്ന് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയാണ്. ഇപ്പോഴിതാ തടവറയിൽ കഴിയുന്ന കാലത്തെ ഓർമ്മകൾ ചികഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് കെ.സുരേന്ദ്രൻ. ഒരു മലയാളം ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ അദ്ദേഹം തുറന്ന് പറഞ്ഞത്.
സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ... മാസങ്ങളോളം ജയിലിൽ ഇടണമെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം പൊലീസ് തന്നെ കസ്‌റ്റഡിയിൽ എടുത്തത്. എന്നാൽ മാദ്ധ്യമങ്ങളും സാമൂഹിക പ്രവർത്തകരും ഇടപെട്ടതിന്റെ പേരിലാണ് തനിക്ക് ജാമ്യം ലഭിച്ചത്. കസ്‌റ്റഡിയിൽ എടുത്തെങ്കിലും പൊലീസുകാർ ഭൂരിഭാഗം പൊലീസുകാരും തന്നോട് നല്ല രീതിയിലാണ് പെരുമാറിയത്. ചിലർ തന്റെ കയ്യിൽ പിടിച്ചുകൊണ്ട് വേറെ രക്ഷയില്ലാതെ ചെയ്യുന്നതാണ് മറ്റൊന്നും വിചാരിക്കരുതെന്ന് പറഞ്ഞിരുന്നു. എല്ലാ ഉദ്യോഗസ്ഥരും നല്ല രീതിയിലാണ് പെരുമാറിയത്. എന്നാൽ സി.പി.എം അനുകൂലികളായ ചില പൊലീസുകാരുടെ പെരുമാറ്റം മോശമായിരുന്നു. ചില പൊലീസുകാരൊക്കെ തന്നെ നോക്കി വിഷമത്തോടെ നിൽക്കുന്നത് കാണാൻ കഴിഞ്ഞു. ജയിലിൽ താൻ പ്രത്യേകിച്ച് ഒരു സൗകര്യവും ആവശ്യപ്പെട്ടിരുന്നില്ല. സാധാരണക്കാരെപ്പോലെ തന്നെയാണ് ജയിലിൽ കഴിഞ്ഞത്. എന്നാൽ തിരുവനന്തപുരം സെൻട്രൽ ജയിലിലെ സൂപ്രണ്ട് അടക്കമുള്ളവർ എന്തെങ്കിലും സൗകര്യങ്ങൾ ആവശ്യമാണോയെന്ന് തന്നോട് ചോദിച്ചിരുന്നു. തന്നെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത് ന്യായമായല്ലെന്ന് അവർക്കെല്ലാം അറിയാമായിരുന്നുവെന്നും സുരേന്ദ്രൻ പറയുന്നു.