kankana

സിനിമാ മേഖലയിൽ ആർക്ക് എപ്പോൾ എങ്ങനെയാകും പ്രതിഫലമ മാറിമറിയുന്നതെന്ന് പ്രവചിക്കാൻ സാധിക്കില്ല. നടന്മാർക്കൊപ്പം പ്രതിഫലം വാങ്ങിക്കുന്ന നടിമാർ വളരെ കുറവായ തൊഴിലിടങ്ങളിലൊന്നാണ് സിനിമാ ഇൻഡസ്ട്രി. മലയാളത്തിലും തമിഴകത്തും മാത്രമല്ല, അങ്ങ് ബോളിവുഡിൽ പോലും സ്ഥിതി ഇങ്ങനെയാണ്.


ഇന്ത്യൻ നടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ 'നായിക' എന്ന വിശേഷണത്തിന് ഇതുവരെ അർഹത ദീപിക പദുകോണിനു മാത്രമായിരുന്നു. സജ്ഞയ് ലീല ബൻസാലി സംവിധാനം ചെയ്ത ‘പദ്മാവത്’നു വേണ്ടി 13 കോടി രൂപയായിരുന്നു പ്രതിഫലമായി ദീപിക വാങ്ങിയത്. എന്നാൽ ദീപികയുടെ ഈ റെക്കോർഡ് മറികടന്നിരിക്കുകയാണ് ബോളിവുഡ് ക്യൂൻ കങ്കണ റണാവത്ത്.


തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ജീവചരിത്ര സിനിമയ്ക്കായി 24 കോടി രൂപയാണ് കങ്കണയുടെ പ്രതിഫലമായി വാങ്ങുന്നതെന്നാണ് ബോളിവുഡിൽ നിന്നും വരുന്ന വാർത്തകൾ. ഇതിനോടകം തന്നെ കങ്കണ ചിത്രത്തിന്റെ കരാറിൽ ഒപ്പുവച്ചു കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. മദ്രാസപട്ടണം’, ‘ദൈവതിരുമകൾ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിൽ 'തലൈവി' എന്നും ഹിന്ദിയിൽ 'ജയ' എന്ന പേരിലുമാണ് പുറത്തിറങ്ങുന്നത്.


‘മണികർണിക: ദ ക്യൂൻസ് ഒാഫ് ഝാൻസി’ എന്ന ഐതിഹാസിക ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയാണ് മുൻ തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കാനായി കങ്കണ തയ്യാറെടുക്കുന്നത്. ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി. കങ്കണയുടെ ജന്മദിനമായ മാർച്ച് 23 ന് ചിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്.


‘ബാഹുബലി’, ‘മണികർണിക’, ‘ഭജരംഗി ഭായിജാൻ’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെ.വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് തലൈവി നിർമ്മിക്കുന്നത്.


ഒരു മുഖ്യധാരസിനിമയ്ക്ക് ഇണങ്ങിയ മികച്ചൊരു ആശയമാണ് ജയലളിതയുടെ ജീവിതമെന്നും ഈ പ്രൊജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം. ''ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയകഥകളിൽ ഒന്നാണ് ജയലളിതജിയുടേത്. സൂപ്പർ സ്റ്റാറായിരുന്ന അവർ ശ്രദ്ധേയയായ രാഷ്ട്രീയ ബിംബമായി മാറി. മുഖ്യധാരാ സിനിമയ്ക്ക് ഇണങ്ങിയ മികച്ച ആശയമാണ് അവരുടെ ജീവിതം,'' കങ്കണ പറഞ്ഞു.


നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ജി വി പ്രകാശാണ് തലൈവിക്ക് സംഗീതം ഒരുക്കുന്നത്. കഴിഞ്ഞ 10 മാസത്തോളമായി സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണെന്നും ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും ചിത്രത്തിനായി ജയലളിതയുടെ അനന്തരവൻ ദീപകിൽ നിന്നും എൻ.ഒ.സി സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ടെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

അതേസമയം,​ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി മറ്റൊരു ചിത്രം കൂടി അണിയറയിലൊരുങ്ങുകയാണ്. സംവിധായകൻ മിഷ്കിന്റെ അസിസ്റ്റ‌ന്റായിരുന്ന പ്രിയദർശിനി സംവിധാനം ചെയ്തിരുന്ന അയൺ ലേഡിയിൽ നിത്യാമേനോനാണ് ജയലളിതയായി വേഷമിടുന്നത്.