naresh-

മുംബയ്: ജെറ്റ് എയർവേസ് സ്ഥാപകനും ചെയർമാനുമായ നരേഷ് ഗോയലും ഭാര്യ അനിത ഗോയലും കമ്പനിയുടെ ഡയറക്ടർ ബോർഡിൽനിന്ന് രാജിവച്ചു. ജെറ്റ് എയർവേസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ഇരുവരുടെയും രാജി. കമ്പനിയിൽ 24 ശതമാനം ഓഹരിയുണ്ടായിരുന്ന അബുദാബി ആസ്ഥാനമാക്കിയുള്ള എത്തിഹാദ് എയർവെയ്സും ബോർഡിൽനിന്ന് രാജിവച്ചു. അതേസമയം, കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് വിനയ് ദുബെ ബോർഡിൽ തുടരും.

എസ്​.ബി.ഐ അടക്കമുള്ള ദേശസാത്കൃത ബാങ്കുകൾ കമ്പനി ഏറ്റെടുത്ത് നടത്തുമെന്നാണ് റിപ്പോർട്ടുകൾ. വിവിധ ബാങ്കുകളിൽ നിന്ന് വായ്പയായി 1500 കോടി ഉടൻ ലഭിക്കുമെന്ന്​ ജെറ്റ് എയർവേസ്​ അറിയിച്ചു. ഈ തുക കമ്പനിയിലെ ഓഹരിയായി മാറ്റാനാണ്​​ തീരുമാനമെന്നും സൂചനയുണ്ട്​. നരേഷ് ഗോയലിന്റെയും ഭാര്യയുടെയും ഓഹരിയായ 1500 കോടി ഉപയോഗിച്ചാണ് നിലവിലെ ഒത്തുതീർപ്പ്.

25 വർഷമായി വ്യോമയാന രംഗത്ത് സജീവമായ ജെറ്റ് എയർവേസ് 1993ലാണ് നരേഷും ഭാര്യയും ചേർന്ന് ആരംഭിക്കുന്നത്. 100 കോടി ഡോളറിലേറെ കടബാദ്ധ്യതയുള്ള കമ്പനി ഇപ്പോൾ അടത്തുപൂട്ടലിന്റെ വക്കിലാണുള്ളത്. വായ്പാ കുടിശ്ശിക ഉയർന്നതിനാൽ, ബാങ്കുകളിൽനിന്ന് കമ്പനി കടുത്ത സമ്മർദ്ദം അനുഭവിക്കുന്നതായാണ് റിപ്പോർട്ടുകൾ. മൂന്ന് മാസമായി ശമ്പളം ലഭിക്കാതായതോടെ ഇവിടുത്തെ പൈലറ്റുമാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ജെറ്റ് എയർവേസിന്‍റെ മിക്ക സർവീസുകളും ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. നിലവിൽ 51 ശതമാനം ഓഹരിയാണ് കമ്പനിയിൽ നരേഷ് ഗോയലിനുള്ളത്.