ശിവഗംഗയിൽ കാർത്തി ചിദംബരം മത്സരത്തിനിറങ്ങുമ്പോൾ കാര്യങ്ങൾ അത്ര സുഗമമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയിലെ പി.ആർ. സെന്തിൽനാഥനോട് എട്ടുനിലയിൽ പൊട്ടയതാണെന്ന ഭൂതകാല ചരിത്രമല്ല ഇത്തവണത്തെ പ്രശ്നം. കാർത്തിയുടെ സ്ഥാനാർത്ഥിത്വം തമിഴ്നാട് കോൺഗ്രസ് നേതൃത്വത്തിനു തന്നെ അത്ര പിടിച്ചിട്ടില്ല. സാമ്പത്തിക അഴിമതിയിൽ മുങ്ങിക്കുളിച്ച പി. ചിദംബരത്തിന്റെയും മകൻ കാർത്തിയുടെയും പേര് മിണ്ടുന്നതു പോലും കോൺഗ്രസിന് ചീത്തപ്പേരുണ്ടാക്കുമെന്നാണ് നേതാക്കൾ തന്നെ പറയുന്നത്.
ശിവഗംഗയിൽ കാർത്തി ചിദംബരത്തിന്റെ സ്ഥാനാർത്ഥിത്വം അവസാന നിമിഷം വരെ ദേശീയ നേതൃത്വം സസ്‌പെൻസ് ആക്കി വച്ചിരിക്കുകയായിരുന്നു. കാർത്തിയും നാച്ചിയപ്പനും ആയിരുന്നു ടിക്കറ്റിനായുള്ള ലാസ്റ്റ് റൗണ്ട് പോരാട്ടത്തിൽ. ഒടുവിൽ, കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ച സ്ഥാനാർത്ഥിപ്പട്ടികയോടെ കാർത്തി അകത്തും നാച്ചിയപ്പൻ പുറത്തുമായി. വിവരമറിഞ്ഞയുടൻ നാച്ചിയപ്പൻ പൊട്ടിത്തെറിച്ചു: അഴിമതിക്കാരനായ കാർത്തി മത്സരിക്കുന്ന ശിവഗംഗയിൽ പാർട്ടിക്ക് എന്തൊക്കെയാണ് സംഭവിക്കാനിരിക്കുന്നതെന്ന് കണ്ടു തന്നെ അറിയണം- നാച്ചിയപ്പന്റെ കമന്റ് ഇങ്ങനെ.
എല്ലാം ഹൈക്കമാൻഡിന്റെ തീരുമാനം എന്നാണ് ടി.എൻ.സി.സി പ്രസിഡന്റ് കെ.എസ്. അളഗിരി പറയുന്നത്. "കാർത്തിയുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയത് ഹൈക്കമാൻഡ് ആണ്. നാച്ചിയപ്പന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് ഹൈക്കമാൻഡിൽ പറയാം. കാർത്തിക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങൾ ബി.ജെ.പി കെട്ടിച്ചമച്ചതാണ്. സംസ്ഥാന നേതാക്കൾ മാദ്ധ്യമങ്ങൾക്കു മുന്നിൽ പാർട്ടിവിരുദ്ധ പ്രസ്‌താവനകൾ നടത്തിയാൽ അച്ചടക്കനടപടി ഉറപ്പ്." അളഗിരിയുടെ മുന്നറിയിപ്പ്.
അണ്ണാ ഡി.എം.കെയുടെ സെന്തിൽനാഥൻ വിജയിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാർത്തി നാലാംസ്ഥാനത്തായിരുന്നു- രണ്ടാമത് ഡി.എം.കെയും മൂന്നാമത് ബി.ജെ.പിയും. കിട്ടിയത് 1,04,678 വോട്ട്. വോട്ട് വിഹിതം വെറും 10 ശതമാനം. ആ ട്രാക്ക് റെക്കാഡിനു മീതെ, അഴിമതിക്കാരനെന്ന പേരുദോഷം കൂടി ചുമന്നാണ് ഇത്തവണ ശിവഗംഗയിൽ കാർത്തിയുടെ മത്സരം. നാച്ചിയപ്പൻ പറയുന്നതു പോലെ, ഫലം കണ്ടുതന്നെ അറിയണം.
1999-ൽ ഒഴികെ കാർത്തിയുടെ അച്ഛനും മുൻ കേന്ദ്ര ധനമന്ത്രിയുമായ പളനിയപ്പൻ ചിദംബരം ഏഴു തവണ ജയിച്ചകയറിയ മണ്ഡലമാണിത്. ഉറപ്പായും ചിദംബരമണ്ഡലം. തോൽവിയറിഞ്ഞ 1999-ലാകട്ടെ, അദ്ദേഹം കോൺഗ്രസ് വിട്ട് രൂപീകരിച്ച തമിഴ് മാനിലാ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. തൊട്ടടുത്ത തവണത്തെ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും കോൺഗ്രസിൽ തിരിച്ചെത്തിയ ചിദംബരം 1,62,725 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു (2004). 2009-ൽ വീണ്ടും ജയം. പിന്നീട് മകനെ കളത്തിലിറക്കി നടത്തിയ പരീക്ഷണമാണ് പാളിപ്പോയത്.
വിവാദമായ എയർസെൽ- മാക്‌സിസ് കേസിൽ പി. ചിദംബരത്തിനൊപ്പം സി.ബി.ഐ കുരുക്കിലായ കാർത്തിക്ക് ഇന്ത്യയിലെ വിവിധ നഗരങ്ങളിലായുള്ള 54 കോടി രൂപയുടെ സ്വത്തുവകകൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ബ്രിട്ടൻ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ രഹസ്യമായുണ്ടായിരുന്ന സമ്പാദ്യങ്ങളും പിടിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ, സാമ്പത്തിക ഇടപാടു കേസിൽ കാർത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഒരു മാദ്ധ്യമ സ്ഥാനപത്തിന് എതിരെയുള്ള നികുതി വെട്ടിപ്പു കേസിൽ ഇടപെടാൻ 10 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു കേസ്. എല്ലാം ബി.ജെ.പിയുടെ കളിയെന്നാണ് അച്ഛന്റെയും മകന്റെയും വാദം. അതു വോട്ടർമാർ സ്വീകരിക്കുമോ എന്ന് തിരഞ്ഞെടുപ്പിൽ അറിയാം.