മാനന്തവാടി : തലപ്പുഴ മക്കിമലയിൽ രണ്ട് സ്ത്രീകളുൾപ്പെടെയുള്ള ആയുധധാരികളായ നാലംഗ മാവോയിസ്റ്റുകളെത്തി. ഞായറാഴ്‌ച രാത്രി എട്ടിന് മക്കിമല അങ്ങാടിയിലെത്തിയ സംഘം മുദ്രാവാക്യം വിളിക്കുകയും ഈ മാസം അച്ചടിച്ച കാട്ടുതീ ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകളൊട്ടിക്കുകയും ചെയ്‌തു. സ്ത്രീകളടക്കമുള്ള മൂന്ന് പേർ മങ്കി ക്യാപ്പ് ധരിച്ചും ഒരാൾ മുഖം മറയ്‌ക്കാതെയുമാണ് മുദ്രാവാക്യം വിളിച്ച് റോഡിലൂടെ തോക്കുമുയർത്തി നടന്നത്. ഈസമയം പതിനഞ്ചോളം പേർ അങ്ങാടിയിലുണ്ടായിരുന്നു. റോഡിലുണ്ടായിരുന്ന പലരോടും ഹസ്‌തതദാനം ചെയ്‌ത് സംസാരിച്ചു. ചിലർ മൊബൈലിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞു. ഒരാൾ മലയാളത്തിലും മറ്റൊരാൾ മലയാളം കലർന്ന കന്നഡയിലുമാണ് സംസാരിച്ചത്. അരമണിക്കൂറോളം ഇവർ മക്കിമലയിലുണ്ടായിരുന്നു.
ഞങ്ങൾ ജാർഖണ്ഡിൽ നിന്ന് വന്നവരല്ലെന്നും മലയാളികളെന്നും ജലീലിന്റെ കൊലപാതകത്തിൽ പ്രതികരിക്കണമെന്നും സംഘം നാട്ടുകാരോടാവശ്യപ്പെട്ടു. ജലീലിന്റെ രക്തസാക്ഷിത്വം സർക്കാരും തണ്ടർബോൾട്ടും റിസോർട്ടിലെ ഒറ്റുകാരും ചേർന്നൊരുക്കിയ വ്യാജ ഏറ്റുമുട്ടലാണെന്നും കൊലയാളിക്ക് മാപ്പില്ലെന്നും അനശ്വര വിപ്ളവകാരി സ. ജലീലിന് ലാൽ സലാം എന്നുമെഴുതിയ പോസ്റ്ററുകളാണ് പതിച്ചത്. സി.പി.എമ്മിനെയും സർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിക്കുന്ന ജലീലിന്റെ ഫോട്ടോ പതിപ്പിച്ച ലഘുലേഖ സി.പി.ഐ മാവോയിസ്റ്റ് കബനീ ദളം വക്താവ് മന്ദാകിനിയുടെ പേരിലാണ് പ്രസിദ്ധീകരിച്ചത്.
മക്കിമലയിലെ കരിയങ്ങാടൻ സിദ്ദീഖിന്റെ പലചരക്ക് കടയിൽ നിന്ന് മുട്ടയും ബ്രെഡുമടക്കം നൂറ് രൂപയുടെ നിത്യോപയോഗ സാധനങ്ങൾ വാങ്ങി പണം നൽകിയ ശേഷമാണ് സംഘം തിരിച്ചു പോയത്. സംഭവമറിഞ്ഞയുടൻ തലപ്പുഴ പൊലീസും തണ്ടർബോൾട്ട് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. നാലംഗ സംഘത്തിന്റെ പേരിൽ യു.എ.പി.എ പ്രകാരം തലപ്പുഴ പൊലീസ് കേസെടുത്തു.