radha-ravi-

ചെന്നൈ: പൊള്ളാച്ചി പീഡനപരമ്പരയിലെ ഇരകളെയും നടി നയൻതാരയേയും പൊതുവേദിയിൽ അപമാനിച്ച മുതിർന്ന തമിഴ് നടൻ രാധാ രവിയ്ക്കെതിരെ വ്യാപക പ്രതിഷേധം. നടനെ നടികർ സംഘത്തിൽനിന്ന് പുറത്താക്കിയതായി നടൻ വിശാൽ അറിയിച്ചു. പാർട്ടി അച്ചടക്കം ലംഘിച്ചതിനാൽ ഡി.എം.കെ പ്രാഥമിക അംഗത്വത്തിൽ നിന്ന്​ അദ്ദേഹത്തെ നീക്കിയതായി ഡി.എം.കെ ജനറൽ സെക്രട്ടറി കെ. അൻപഴകൻ നേരത്തെ വ്യക്​തമാക്കിയിരുന്നു.

നയൻതാര പ്രധാന വേഷത്തിലെത്തുന്ന കൊലയുതിർ കാലം എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയിൽ പ​ങ്കെടുക്കുമ്പോഴായിരുന്നു നയൻതാരയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള രാധാ രവിയുടെ വിവാദ പരാമർശങ്ങൾ. നയൻതാരയെ ലേഡി സൂപ്പർ സ്റ്റാർ എന്ന്​ വിളിക്കാൻ പാടില്ല. തെലുങ്കിൽ സീതയായും തമിഴിൽ പിശാചായും അവർ അഭിനയിക്കുന്നു. എന്റെ ചെറുപ്പകാലത്ത് കെ.ആർ വിജയയെപ്പോലുള്ള നടിമാരാണ്​ സീതയാകുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല. ആർക്കും ഇപ്പോൾ സീതയാകാം. എന്നിങ്ങനെയാണ് രാധാ രവി പറഞ്ഞത്. ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ചോർന്നുവെന്നും ഞാൻ കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു. പക്ഷേ ആളുകൾ മറ്റെന്താണ്​ കാണുക? എന്നായിരുന്നു പൊള്ളാച്ചി പീഡനത്തെക്കുറിച്ച് രാധാരവിയുടെ വിവാദപരാമർശം.