allegation-against-nss

തിരുവനന്തപുരം: തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പി സ്ഥാനാർത്ഥികൾക്കും മറ്റിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യണമെന്ന് തങ്ങളോട് നേതൃത്വം നിർദ്ദേശിച്ചതായി കഴിഞ്ഞ ദിവസം രാജിവച്ച എൻ.എസ്.എസ് ഭാരവാഹിയുടെ വെളിപ്പെടുത്തൽ. മാവേലിക്കര താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ് ടി.കെ.പ്രസാദാണ് വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ബി.ജെ.പിക്ക് ജയസാധ്യത ഉള്ള മണ്ഡലങ്ങളിൽ അവരെയും മറ്റിടങ്ങളിൽ യു.ഡി.എഫിനെയും പിന്തുണയ്ക്കണമെന്നാണ് നിർദ്ദേശമുണ്ടായിരുന്നതെന്നും ടി.കെ.പ്രസാദ് ആരോപിച്ചു.


മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് യൂണിയൻ ഓഫീസിൽ സ്വീകരണം നൽകിയ എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. 15 അംഗ യൂണിയൻ കമ്മിറ്റിയിൽ പ്രസിഡന്റ് ഒഴികയുള്ള അംഗങ്ങളെ ചങ്ങനാശേരിയിലെ എൻ.എസ്.എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. അംഗങ്ങൾ രാജി വച്ചതോടെ കമ്മിറ്റി പിരിച്ചുവിടുകയും അഞ്ചംഗ അഡ്‌ഹോക് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രസാദിന്റെ ആരോപണം. വാക്കാലാണ് ചങ്ങനാശേരിയിൽ നിന്ന് എൻ.എസ്.എസ് യൂണിറ്റുകൾക്ക് ഇത്തരത്തിലുള്ള നിർദേശം നൽകിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ ഒരു തരത്തിലും പിന്തുണക്കരുത്. അവരുമായി ബന്ധംപുലർത്തരുതെന്നും നിർദേശിക്കുകയുണ്ടായി. ഇതിനിടയിലാണ് ചിറ്റയം ഗോപകുമാർ വോട്ടഭ്യർത്ഥിച്ച് ഓഫീസിലെത്തിയത്. ഓഫീസിലെത്തിയ ചിറ്റയം ഗോപകുമാറിനെ സ്വീകരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ടി.കെ.പ്രസാദ് പറഞ്ഞു.

യു.ഡി.എഫിനും ബി.ജെ.പിക്കും അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിർദ്ദേശം തള്ളിയാണ് മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകിയതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. അഡ്വ.ടി.കെ. പ്രസാദും നാല് അംഗങ്ങളുമാണ് ഇവിടെ നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാട് ചോദ്യം ചെയ്തത്. യു.ഡി.എഫ് സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കണമെന്ന നിർദ്ദേശം കരയോഗം പ്രവർത്തകരുടെ വീടുകളിൽ എത്തിക്കണമെന്ന അറിയിപ്പ് യൂണിയൻ കമ്മിറ്റി നിരാകരിച്ചിരുന്നു. ചില മണ്ഡലങ്ങളിൽ ബി.ജെ.പിക്കും ചിലയിടങ്ങളിൽ യു.ഡി.എഫിനും പിന്തുണ നൽകുകയെന്ന നയത്തിനെതിരായി വിയോജനക്കുറിപ്പ് നൽകിയതും പുറത്താക്കലിന് കാരണമായെന്നാണ് വിവരം.