കൊച്ചി: ആഡംബര കപ്പലിലേറി കൊച്ചിയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം റെക്കാഡ് ഉയരത്തിലേക്ക്. നടപ്പു സാമ്പത്തിക വർഷം 50 കപ്പലുകളിലായി 70,000ൽ ഏറെ സഞ്ചാരികൾ എത്തുമെന്നാണ് കൊച്ചി തുറമുഖ ട്രസ്‌റ്രിന്റെ വിലയിരുത്തൽ. ഇത് സർവകാല റെക്കാഡാണ്. നടപ്പുവർഷം ഏപ്രിൽ മുതൽ മാർച്ച് 21 വരെയുള്ള കണക്കുപ്രകാരം 44 ആഡംബര കപ്പലുകൾ കൊച്ചിയിലെത്തി. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31നകം ആറ് കപ്പലുകൾ കൂടി കൊച്ചിയിൽ എത്തും.
കഴിഞ്ഞ സാമ്പത്തിക വർഷം 42 കപ്പലുകളിലായി 47,000 വിദേശ സഞ്ചാരികളാണ് കൊച്ചിയിൽ എത്തിയത്. അടുത്ത സാമ്പത്തിക വർഷം (2019-20) 60 കപ്പലുകളെയാണ് പ്രതീക്ഷിക്കുന്നത്. സഞ്ചാരികളുടെ എണ്ണം 80,000വും കവിയും. കൂടുതൽ ആഡംബര കപ്പലുകൾ കൊച്ചിയിൽ എത്തുന്നത്, തുറമുഖ ട്രസ്‌റ്രിനും കൊച്ചിയിലെ കച്ചവടക്കാർക്കും കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്കും മികച്ച സാമ്പത്തിക ആശ്വാസവും പകരുന്നുണ്ട്. ഓരോ ആഡംബര കപ്പൽ കൊച്ചിയിൽ എത്തുമ്പോഴും ഫീസിനത്തിൽ 15 ലക്ഷത്തോളം രൂപയാണ് തുറമുഖ ട്രസ്‌റ്റിന്റെ കീശയിൽ വീഴുന്നത്.
കൊച്ചിയിലിറങ്ങുന്ന സഞ്ചാരികൾ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, കൊച്ചി നഗരം, ആലപ്പുഴ, മൂന്നാർ, തേക്കടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചാണ് മടങ്ങുക. ഓരോ സഞ്ചാരിയും ഷോപ്പിംഗിനായി 400 ഡോളർ വരെ (ഏകദേശം 27,000 രൂപ) ചെലവിടുന്നുണ്ടെന്നാണ് കണക്ക്. ഈമാസം മാർച്ച് 21വരെ അഞ്ച് ആഡംബര കപ്പലുകളാണ് കൊച്ചി തീരത്തെത്തിയത്. 2019ൽ ഇതുവരെ 16 കപ്പലുകളുമെത്തി. മാർച്ച് രണ്ടിന് കൊച്ചിയിലെത്തിയ, ലോകത്തെ ഏറ്റവും വലിയ ക്രൂസ് ഷിപ്പുകളിലൊന്നായ ക്യൂൻ മേരി 2ന്റെ വരവാണ് ഏറ്റവും ശ്രദ്ധേയം. 2,483 വിനോദ സഞ്ചാരികളും 1,255 ജീവനക്കാരുമാണ് ക്യൂൻ മേരി 2ൽ ഉണ്ടായിരുന്നത്.
കോസ്‌റ്റൽ ടൂറിസത്തിലും നോട്ടം
നിലവിൽ, വിദേശ ക്രൂസ് കപ്പലുകളാണ് കൊച്ചിയിൽ എത്തുന്നത്. ഇതോടൊപ്പം, ആഭ്യന്തര തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോസ്‌റ്റൽ ടൂറിസത്തിനും ഊന്നൽ നൽകാൻ കൊച്ചി തുറമുഖ ട്രസ്‌റ്ര് ആലോചിക്കുന്നുണ്ട്. കൊച്ചിയെ ഗോവ, മുംബയ്, ന്യൂ മംഗളൂരു തുടങ്ങിയ പടിഞ്ഞാറൻ തുറമുഖങ്ങളുമായി ബന്ധിപ്പിച്ചുള്ള പദ്ധതിയാണ് ആലോചനയിലുള്ളത്. പദ്ധതി പ്രാവർത്തികമായാൽ ആഭ്യന്തര ടൂറിസത്തിന് അതു വലിയ കുതിച്ചുചാട്ടമാകും. സാമ്പത്തികമായി കൊച്ചി തുറമുഖ ട്രസ്‌റ്രിനും നേട്ടമുണ്ടാകും.
പുതിയ ക്രൂസ് ടെർമിനൽ
2020ഓടെ
കൊച്ചിയിലെ വെല്ലിംഗ്‌ടൺ ഐലൻഡിൽ 25.72 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ ക്രൂസ് ടെർമിനൽ 2020ൽ പ്രവർത്തനസജ്ജമാകും. നിലവിൽ 250 മീറ്റർ വരെ നീളമുള്ള കപ്പലുകളാണ് കൊച്ചിയിൽ അടുക്കുന്നത്. പുതിയ ടെർമിനലിന് 420 മീറ്രർ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാനാകും. ഒരേസമയം 5,000 സഞ്ചാരികളെ സ്വീകരിക്കാനുള്ള സൗകര്യവുമുണ്ട്. പാസഞ്ചർ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷൻ കൗണ്ടറുകൾ, എട്ട് കസ്‌റ്രംസ് ക്ളിയരൻസ് കൗണ്ടറുകൾ, ഏഴ് സെക്യൂരിറ്രി കൗണ്ടറുകൾ, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, വൈ-ഫൈ തുടങ്ങിയവ സൗകര്യങ്ങളുമുണ്ടാകും.