sreechithra-

തിരുവനന്തപുരം ∙ കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കാൻ നൂതനവും ലളിതവുമായ മരുന്നു കൂട്ട് ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തു. ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഞരമ്പുകളിൽ കുത്തിവയ്ക്കാവുന്ന എസ്‍.സി.ടി.എ.സി 2010 ഡ്രഗ് കോൻജുഗേറ്റഡ് സീറം ആൽബുമിൻ എന്ന മരുന്നുകൂട്ടാണ് വളരെ സുലഭമായ ഒരു സസ്യത്തിൽ നിന്ന് വികസിപ്പിച്ചെടുത്തത്. എലികളിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ വിജയകരമാണെന്നും ക്ലിനിക്കൽ പരീക്ഷണങ്ങൾ കൂടി ഫലം കണ്ടാൽ ക്യാൻസർ രോഗചികിത്സയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശ കിഷോർ പറഞ്ഞു.

2010ലാണ് ഗവേഷണം ആരംഭിച്ചത്. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിന്റെ ഭാഗമായാണ് ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മരുന്ന് വികസിപ്പിച്ചത്. നാട്ടിൽ സുലഭമായി കിട്ടുന്ന ഒരു ചെടിയിൽ നിന്നുള്ള ഏക തന്മാത്രാ രാസ പദാർഥം ഉപയോഗിച്ചാണ് മരുന്ന് നിർമ്മിച്ചത്. ആൽബുമിനുമായി (ഒരു തരം പ്രോട്ടീൻ) കൂട്ടിയിണക്കി ക്യാൻസർ കോശങ്ങളലേക്കെത്തിച്ചാണ് പരീക്ഷണം നടത്തിയത്. ചെടിയെക്കുറിച്ചും മരുന്ന് കൂട്ടിനെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എലികളിലാണ് ഇത് ആദ്യം പരീക്ഷിച്ചത്. എലികളിൽ ഒറ്റ ഡോസ് ഉപയോഗിച്ച് പരീക്ഷിച്ചതിൽ ശ്വാസകോശാർബുദത്തിനും വയറിനകത്തെ മുഴയ്ക്കും ഈ മരുന്ന് വിജയകരമാണെന്ന് കണ്ടെത്തി.ഡോ. രഞ്ജിത് പി. നായർ, മെജോ സി. കോര, ഡോ. മോഹനൻ, ഡോ. ആര്യ അനിൽ, ഡോ. ഹരികൃഷ്ണൻ തുടങ്ങിയവരാണ് ഗവേഷണത്തിന് പിന്നിൽ.

മനുഷ്യരിൽ പരീക്ഷിക്കാൻ കടമ്പകളേറെ

അർബുദ ബാധിതരായ മനുഷ്യരിൽ ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് വിവിധഘട്ടങ്ങളിൽ പരീക്ഷണങ്ങൾ നടക്കണം. ഒന്നാം ഘട്ടത്തിൽ സന്നദ്ധപ്രവർത്തകരിൽ പരീക്ഷിക്കും. രണ്ടാംഘട്ടത്തിൽ ഒരു വിഭാഗം അർബുദ രോഗികളിൽ മറ്റു മരുന്നുകൾക്കൊപ്പംതന്നെ പരീക്ഷിക്കും. ഒന്നിലധികം ഡോസ് ഉപയോഗിച്ചാൽ മൃഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന പരീക്ഷണങ്ങൾക്ക് ശേഷമാകും മനുഷ്യരിൽ ചികിത്സാ പരീക്ഷണങ്ങൾ ആരംഭിക്കുക. മനുഷ്യനിൽ എത്ര ഡോസ് ഉപയോഗിക്കണമെന്ന് കണ്ടെത്തണം. ഇത്തരം പരീക്ഷണങ്ങൾക്കായി ഗവേഷണ ഫലം എയ്റ്റോഅക്സ്ബയോ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി കഴിഞ്ഞു. ഫലം വിജയിച്ചാൽ മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ മരുന്ന് വിപണിയിൽ എത്തിക്കാൻ കഴിയുകയുള്ളൂ.

മൂന്ന് വർഷത്തിനുള്ളിൽ മനുഷ്യരിലെ പരീക്ഷണങ്ങൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ് രോഗികൾക്കായി മരുന്ന് എത്തയേക്കുമെന്നാണ് പ്രതീക്ഷയെന്നും പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്

ഡോ. ലിസി കൃഷ്ണൻ