ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലം പ്രമുഖരും അപ്രമുഖരുമായ നിരവധി പേരുടെ രാഷ്ട്രീയ കാലുമാറ്റങ്ങളുടെയും കടന്നുവരവുകളുടെയും കൂടി കാലമാണ്. വ്യക്തികൾ തമ്മിലും കക്ഷികൾ തമ്മിലും സീറ്റ് തർക്കങ്ങളും അഭിപ്രായവ്യാത്യാസങ്ങളുമൊക്കെ കൊടുമ്പിരി കൊള്ളുമ്പോൾ ഇക്കഴിഞ്ഞ ദിവസം ദേശീയതലത്തിൽ കടന്നുവരികയും ഇറങ്ങിപ്പോകുകയും ചെയ്ത ചിലർ:
സുഖ്റാം ബാക്ക് ടു കോൺഗ്രസ്
മുൻ കേന്ദ്ര ടെലികോം മന്ത്രി സുഖ്റാം കോൺഗ്രസിൽ തിരിച്ചെത്തി. ഒപ്പം കൊച്ചുമകൻ ആശ്രയ് ശർമ്മയും കോൺഗ്രസിൽ ചേർന്നു. ഇരുവരും ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തെത്തി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഹിമാചൽ പ്രദേശ് സർക്കാരിൽ കാബിനറ്റ് മന്ത്രിയാണ് ആശ്രയ് ശർമ്മയുടെ പിതാവ് അനിൽ ശർമ്മ. ഹിമാചലിലെ മൻഡി മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ബി.ജെ.പി വിടാൻ ആശ്രയ് ശർമ്മ തീരുമാനിച്ചത്. മുത്തശ്ശനോടൊപ്പം കോൺഗ്രസിൽ ചേർന്ന ആശ്രയ് ശർമ്മ മൻഡിയിൽ കോൺഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ദീപാ ബി.ജെ.പിയിൽ
ഷോട്ട് പുട്ടിൽ ഇന്ത്യയുടെ അഭിമാനമായ പാരാലിമ്പിക്സ് താരം ദീപാ മാലിക് ബി.ജെ.പിയിൽ ചേർന്നു. ബ്രസീലിൽ നടന്ന പാരാലിമ്പിക്സിൽ ദീപ ഇന്ത്യയ്ക്കുവേണ്ടി വെള്ള നേടിയിരുന്നു. പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ് ദീപ. ഹരിയാന സ്വദേശിയായ ദീപ അർജുന അവാർഡ് ജേതാവാണ്.
ജയപ്രദ ബി.ജെ.പിയിൽ
പ്രശസ്ത നടി ബി.ജെ.പിയിൽ ചേർന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. നേരത്തെ സമാജ്‌വാദി പാർട്ടിയിലായിരിക്കെ രണ്ടുതവണ ജയിച്ച ഉത്തർപ്രദേശിലെ രാംപൂരിൽ നിന്നാകും മത്സരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. സമാജ്‌വാദി പാർട്ടി നേതാവ് അസംഖാനാണ് ഇവിടെ ജയപ്രദയുടെ എതിരാളി. ആന്ധ്രയിൽ ടി.ഡി.പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജയപ്രദ പിന്നീടാണ് എസ്‌പിയുടെ ഭാഗമായത്.
സുധീർ കണ്ഡോൽകർ കോൺഗ്രസിൽ
ഗോവയിൽ ബി.ജെ.പിയുടെ മുതിർന്ന നേതാവ് സുധീർ കണ്ഡോൽകർ 350 ലേറെ പ്രവർത്തകർക്കൊപ്പം പാർട്ടിവിട്ട് കോൺഗ്രസ് പാളയത്തിലെത്തി. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മപൗസ മണ്ഡലത്തിലെ മുനിസിപ്പൽ കൗൺസിലിൽ അഞ്ച് തവണ വിജയിച്ചിട്ടുള്ള നേതാവ് കൂടിയാണ് സുധീർ.