ganga

നാഗ്‍പുർ: യു.പി.എ സർക്കാരിന്റെ കാലത്ത് ഗംഗാജലം കുടിക്കാൻ കഴിയാത്ത എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് ഇപ്പോൾ അതിന് കഴിഞ്ഞത് ബി.ജെ.പി ഭരണത്തിന്റെ നേട്ടമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി നടത്തുന്ന ഗംഗാപ്രയാണത്തെ വിമർശിച്ച് സംസാരിക്കുകയായിരുന്നു ഗഡ്കരി.

അലഹാബാദ്– വരാണസി ജലപാത ബി.ജെപി സർക്കാർ നിർമ്മിച്ചില്ലായിരുന്നെങ്കിൽ പ്രിയങ്ക എങ്ങനെ ഗംഗാ പ്രയാണം നടത്തുമായിരുന്നു. അവർ ഗംഗാതീർത്ഥം കുടിക്കുകയും ചെയ്തു, യു.പി.എ ഭരണകാലത്ത് പ്രിയങ്കയ്ക്ക് അതിന് കഴിഞ്ഞിട്ടുണ്ടോയെന്നും ഗഡ്കരിചോദിച്ചു,​ ഗംഗാജലം കുടിക്കുക വഴി ഗംഗാശുദ്ധീകരണത്തിനു മുൻകൈയെടുത്ത ബി.ജെ.പിയെ അവർ അംഗീകരിക്കുകയാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

2020ഓടുകൂടി ഗംഗയെ പൂർണമായി മാലിന്യമുക്തമാക്കും. യമുന നദിയുടെ ശുചീകരണത്തിനുള്ള 13 പദ്ധതികൾ നിലവിലുണ്ടെന്നും ഒരു വർഷത്തിനുളളിൽ ഫലംകാണുമെന്നും ഗഡ്കരി പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം മണ്ഡലത്തിൽ യാതൊരു ചലനവും ഉയർത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രയാഗ്‍രാജ് മുതൽ വരാണസി വരെയായിരുന്നു പ്രിയങ്കയുടെ ജലയാത്ര. . ഗംഗാ നദി വ്യത്തിയാക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ, നദിയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം.