കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ പവന് 120 രൂപ വർദ്ധിച്ച് വില 24,040 രൂപയായി. ഗ്രാമിന് 15 രൂപ ഉയർന്ന് വില 3,005 രൂപയിലെത്തി. നാല് ദിവസത്തിനിടെ മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കൂടിയത്. കഴിഞ്ഞമാസം 20ന് സ്വർണവില സംസ്ഥാനത്ത് സർവകാല റെക്കാഡ് ഉയരം കുറിച്ചിരുന്നു. അന്ന്, പവന് 25,160 രൂപയും ഗ്രാമിന് 3,145 രൂപയുമായിരുന്നു വില.
അമേരിക്കയുടെയും യൂറോപ്പിന്റെയും സാമ്പത്തിക വളർച്ചയ്ക്ക് മങ്ങലേല്‌ക്കുന്നതും നിക്ഷേപകർ ഓഹരി വിപണിയെ കൈവിട്ട് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് വൻതോതിൽ പണമൊഴുക്കുന്നതുമാണ് വിലക്കുതിപ്പിന് കാരണമാകുന്നത്. ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ പത്തു ഗ്രാമിന് 170 രൂപ ഉയർന്ന് വില ഇന്നലെ 33,220 രൂപയായി. രാജ്യാന്തര വില ഔൺസിന് 1,309 ഡോളറിൽ നിന്ന് 1,3016 ഡോളറിലേക്കും ഉയർന്നു. കേരളത്തിൽ, സ്വർണവിലയിൽ കയറ്റിറക്കങ്ങൾ ദൃശ്യമാകുമെങ്കിലും വലിയ വിലയിടിവ് ഉണ്ടാകില്ലെന്നാണ് വിപണിയുടെ വിലയിരുത്തൽ.