ഓച്ചിറ: തട്ടിക്കൊണ്ടുപോയ ഓച്ചിറയിലെ പെൺകുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തി തനിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഓച്ചിറയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അനീതിക്കെതിരെ ശബ്ദിക്കുന്നവർക്കെതിരെയുള്ള വേട്ടയാടലാണിത്. പിണറായി സർക്കാർ നിയമങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിട്ട് 8 ദിവസം കഴിഞ്ഞിട്ടും അവർ എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്ത പൊലീസ് തികഞ്ഞ പരാജയമാണ്.

പൊലീസ് ഉദ്യാഗസ്ഥർ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന അവസ്ഥായാണുള്ളത്. സാധാരക്കാർക്കും സ്ത്രീകൾക്കും എതിരെ എന്ത് അതിക്രമം നടന്നാലും ചോദിക്കാനും പറയാനും ആരുമില്ലെന്ന അവസ്ഥയാണ്. പ്രതിപക്ഷ പാർട്ടികളുടെ കണ്ണ് മൂടിക്കെട്ടാനുള്ള നീക്കം മാത്രമാണ് പൊലീസ് നടത്തുന്നതെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ജയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ്, എൻ. കൃഷ്ണകുമാർ, അൻസർ മലബാർ, സെവന്തികുമാരി, മഹിളാമണി, ആർ. രജോഷ് കുമാർ. അയ്യാണിക്കൽ മജീദ്, കെ.ശോഭകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.