ബംഗളൂരു: അനുയോജ്യനായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാത്തതിനാൽ തർക്കത്തിലായിരുന്ന ബംഗളൂരു നോർത്ത് ലോക്‌സഭാ സീറ്റ് ജെ.ഡി.എസ് കോൺഗ്രസിന് തിരികെ നൽകി. നാമനിർദേശപത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ജെ.ഡി.എസിന്റെ അപ്രതീക്ഷിത തീരുമാനം. പാർട്ടി സ്ഥാനാർത്ഥി ബി.എൽ ശങ്കറിനെ തന്നെ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഏപ്രിൽ 18ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗളൂരു നോർത്തിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതീയതി ഇന്നാണ്. ജെ.ഡി.എസ‌് അദ്ധ്യക്ഷനായ ദേവഗൗഡ തുംകൂരുവിൽ മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് ബംഗളൂരു നോർത്തിൽ കരുത്തനായ സ്ഥാനാർത്ഥിയെ കളത്തിലിറക്കാൻ പാർട്ടിയ്ക്ക് സാധിക്കാതിരുന്നത്.
12 സീറ്റ് ആവശ്യപ്പെട്ട ജെ.ഡി.എസിന് തർക്കങ്ങൾക്കൊടുവിൽ എട്ട് സീറ്റാണ് കോൺഗ്രസ് നൽകിയത്. എന്നാൽ, മാണ്ഡ്യയുൾപ്പെടെ കോൺഗ്രസിന്റെ ഉറച്ച മണ്ഡലങ്ങൾ പലതും ജെ.ഡി.എസിന് വിട്ടുകൊടുത്തതിൽ പ്രാദേശിക പാർട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ബംഗളൂരു നോർത്ത് തിരികെ ഏൽപ്പിച്ചതിലൂടെ അതിനും പരിഹാരം കണ്ട ആശ്വാസത്തിലാണ് കോൺഗ്രസ്.
നന്ദിയുണ്ടെന്ന് കെ.സി
ബംഗളൂരു നോർത്ത് സീറ്റ് മടക്കി നൽകുന്നതിൽ ജെ.ഡി.എസ് അദ്ധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയോടും പാർട്ടിയോടും അകമഴിഞ്ഞ നന്ദിയുണ്ടെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ട്വീറ്റ് ചെയ്തു.