electionj-commission

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്കൊപ്പം ഘടിപ്പിച്ചിട്ടുള്ള വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണുന്നത് വർദ്ധിപ്പിക്കണമെന്ന് സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾക്കൊപ്പം വിവിപാറ്റിലെ 50 ശതമാനം വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ പരാമർശം. മൂന്ന് ദിവസത്തിനകം ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകണമെന്നും കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു.

കമ്മിഷന്റെ സ്വന്തം തീരുമാനമനുസരിച്ചാണ് ഇപ്പോൾ സ്ലിപ്പുകൾ എണ്ണുന്നത്. എണ്ണുന്ന വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതായി കോടതി പറഞ്ഞു. അതേസമയം ഓരോ അസംബ്ലി മണ്ഡലത്തിലെയും ഒരു വിവിപാറ്റ് മെഷിനിലെ സ്ലിപ്പുകൾ എണ്ണുന്നുണ്ടെന്നും. തിരഞ്ഞെടുപ്പ് സംവിധാനം ഇനിയും മെച്ചപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ഏപ്രിൽ ഒന്നിന് കേസിൽ വാദം കേൾക്കുന്ന സന്ദർഭത്തിൽ കോടതിയെ സഹായിക്കാൻ ഒരു മുതിർന്ന ഓഫീസറെ ഹാജരാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.