പുൽപ്പള്ളി : ഇരുളത്തിനടുത്ത് ആനപ്പന്തിയിൽ വനപാലകരെ ആക്രമിച്ച കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. തുടർന്ന് ബത്തേരി വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലെത്തിച്ച കടുവയെ പിന്നീട് തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി. 13 വയസുള്ള ആൺ കടുവയുടെ ഇടത് കണ്ണിനും താഴ്നിരയിലെ ഒരു പല്ലിനും ഇടത് കൈക്കും പരിക്കുണ്ട്.
രണ്ട് കൂടുകളാണ് കടുവയെ പിടികൂടാനായി കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നത്. കഴിഞ്ഞദിവസം വനത്തിൽ നിരീക്ഷണത്തിന് പോയ അഞ്ച് വാച്ചർമാരെയാണ് കടുവ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ചീയമ്പം സ്വദേശി ഷാജൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രദേശത്ത് കുറേ ദിവസമായി കടുവയുടെ ശല്യമുണ്ടായിരുന്നു. വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് കടുവയെ പിടികൂടാൻ കൂട് വച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മറ്റൊരു സ്ഥലത്ത് നിന്നാണ് കടുവയുടെ ആക്രമണമുണ്ടായത്. തുടർന്ന് പുൽപ്പള്ളി ബത്തേരി റോഡ് നാട്ടുകാർ ഉപരോധിച്ചിരുന്നു.