മുംബയ്: മുൻ കേന്ദ്രമന്ത്രിയും ദക്ഷിണ മുംബയിലെ എം.പിയുമായ മിലിന്ദ് ദേവ്റയെ മുംബയ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി നിയമിച്ചു. സഞ്ജയ് നിരുപത്തിന്റെ ഒഴിവിലേയ്ക്കാണ് മിലിന്ദിനെ നിയോഗിച്ചത്. മുംബയ് നോർത്ത് വെസ്റ്റിൽ സഞ്ജയ് സ്ഥാനാർത്ഥിയായപ്പോഴാണ് കോൺഗ്രസ് കമ്മിറ്റിയിൽ ഒഴിവ് വന്നത്. ശിവസേനയുടെ സിറ്റിംഗ് സീറ്റിലാണ് സഞ്ജയ് നിരുപം മത്സരിക്കുക.മുംബയ് കോൺഗ്രസിൽ രൂക്ഷമായിരുന്ന വിഭാഗീയതക്ക് പരിഹാരമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് പി.സി.സി അദ്ധ്യക്ഷനെ മാറ്റിയതെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാവായ സഞ്ജയ് രണ്ടുവട്ടം രാജ്യസഭ എം.പിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ആദ്യം ശിവസേന പാർട്ടിയുടെ രാജ്യസഭ പ്രതിനിധിയായ അദ്ദേഹം, പിന്നീട് കോൺഗ്രസിൽ നിന്ന് രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.