data

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഡാറ്രയും സൗജന്യ കാളുകളും വാഗ്‌ദാനം ചെയ്‌തെത്തിയ റിലയൻസ് ജിയോ സമ്മാനിച്ച വേദനയിൽ നിന്ന് രാജ്യത്തെ മറ്റു ടെലികോം കമ്പനികൾ അടുത്ത സാമ്പത്തി വർഷം കരകയറുമെന്ന് റിപ്പോർട്ട്. ജിയോയുടെ വരവോടെ, പാക്കേജുകളുടെ വില കുത്തനെ കുറയ്‌ക്കേണ്ടി വന്നതാണ് ടെലികോം കമ്പനികളെ ബാധിച്ചത്. ഉപഭോക്താക്കളിൽ നിന്നുള്ള പ്രതി വരുമാനം കുറയുക മാത്രമല്ല, ഉപഭോക്താക്കൾ കൂട്ടത്തോടെ കൂടൊഴിയുന്ന സ്ഥിതിയും മിക്ക കമ്പനികൾക്കുമുണ്ടായി.

2017-18ൽ 11 ശതമാനം നഷ്‌ടത്തോടെ 2.1 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ടെലികോം കമ്പനികൾ രേഖപ്പെടുത്തിയത്. നടപ്പുവർഷം വരുമാനം ഏഴ് ശതമാനം ഇടിഞ്ഞേക്കും. എന്നാൽ, 2019-20ൽ വരുമാനത്തിൽ ആറു ശതമാനം കുതിപ്പുണ്ടാകുമെന്ന് ആഭ്യന്തര റേറ്രിംഗ് ഏജൻസിയായ ഇക്ര വ്യക്തമാക്കി. കഴിഞ്ഞവർഷം 18 ശതമാനം ഇടിഞ്ഞ പ്രവർത്തനലാഭം നടപ്പുവർഷം 21 ശതമാനം കുറഞ്ഞേക്കാം. എന്നാൽ, 2019-20ൽ ലാഭം 20 ശതമാനം വരെ ഉയരും. വിലനിലവാരം സ്ഥിരപ്പെടുന്നതും ഡാറ്റ ഉപഭോഗം കൂടുന്നതുമാണ് കമ്പനികൾക്ക് നേട്ടമാകുക.