കൊല്ലം: എൻ.എസ്.എസ് എല്ലാക്കാലത്തും ഇടത് മുന്നണിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരളകോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയുടെ കൊട്ടാരക്കരയിലെ വസതിയിലെത്തി പിള്ളയും മകൻ കെ.ബി.ഗണേശ് കുമാറുമായും നടത്തിയ ചർച്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം.
സംഘടനയ്ക്ക് തീരുമാനങ്ങളെടുക്കാൻ അവകാശമുണ്ട്. വോട്ടുചെയ്യേണ്ടത് ജനങ്ങളാണ്. സമുദായ മുതലാളിമാരുടെ വിളംബരങ്ങൾക്കനുസരിച്ചല്ല സാധാരണക്കാരൻ ചിന്തിക്കുന്നത്. ജാതി സമവാക്യങ്ങൾക്ക് അതീതമായി ചിന്തിക്കുന്നവരാണ് പുതിയ സമൂഹമെന്നും കാനം പറഞ്ഞു. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താനെത്തിയ കാനം വൈകിട്ട് മൂന്ന് മണിയോടെയാണ് പിള്ളയുടെ വസതിയിലെത്തിയത്.