കൊച്ചി: ആഗോളതലത്തിൽ നിന്നുയർന്ന വെല്ലുവിളികൾ അതിജീവിക്കാനാവാതെ ഇന്ത്യൻ ഓഹരികൾ ഇന്നലെ വൻ നഷ്‌ടത്തിലേക്ക് തളർന്നുവീണു. സെൻസെക്‌സ് 355 പോയിന്റിടിഞ്ഞ് 37,808ലും നിഫ്‌റ്രി 102 പോയിന്റ് നഷ്‌ടവുമായി 11,354ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ മാത്രം സെൻസെക്‌സിലെ നിക്ഷേപകർക്കുണ്ടായ നഷ്‌ടം 1.20 ലക്ഷം കോടി രൂപയാണ്. സെൻസെക്‌സിന്റെ മൂല്യം 148.22 ലക്ഷം കോടി രൂപയിൽ നിന്ന് 147.01 ലക്ഷം കോടി രൂപയായി താഴ്‌ന്നു.
അമേരിക്ക വീണ്ടും സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാകുന്നുവെന്ന സൂചനകൾ പുറത്തുവന്നതാണ് നിക്ഷേപകരെ തളർത്തിയത്. അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, കഴിഞ്ഞ ദിവസം പത്തുവർഷ യു.എസ് ബോണ്ടിന്റെ യീൽഡ് (കടപ്പത്രങ്ങളിൽ നിന്നുള്ള റിട്ടേൺ) രണ്ടുവർഷത്തെ കുറഞ്ഞ നിരക്കിലേക്ക് താഴ്‌ത്തിയിരുന്നു. ഇത്, അമേരിക്കൻ സാമ്പത്തികസ്ഥിതി വഷളാകുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടു. അതോടെ, അമേരിക്കൻ ഓഹരികൾ നേരിട്ട കനത്ത ഇടിവാണ് ഇന്ത്യയിലടക്കം പ്രതിഫലിച്ചത്. നിക്ഷേപകർ എല്ലാവിഭാഗം ഓഹരികളും കൂട്ടത്തോടെ വിറ്റഴിയുന്ന കാഴ്‌ചയാണ് അമേരിക്കൻ ഓഹരി വിപണിയിൽ ദൃശ്യമാകുന്നത്.
സെൻസെക്‌സിൽ വാഹനം, ബാങ്കിംഗ്, കൺസ്യൂമർ ഗുഡ്‌സ്, സേവന ഓഹരികളാണ് നഷ്‌ടത്തിന് നേതൃത്വം നൽകിയത്. അതേസമയം, വിലവർദ്ധനയുടെ കരുത്തിൽ ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ ഒന്നര ശതമാനം വരെ നേട്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്‌സ്, സൺഫാർമ, സീ എന്റർടെയ്‌ൻമെന്റ്, വേദാന്ത, ജെ.എസ്.ഡബ്ള്യു സ്‌റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് നഷ്‌ടം കുറിച്ച പ്രമുഖ കമ്പനികൾ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഒ.എൻ.ജി.സി., പവർഗ്രിഡ്, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.