mohenlal

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ നടൻ മോഹൻലാലിനെ സന്ദർശിച്ചു. പത്മഭൂഷൺ പുരസ്‌കാരം നേടിയ മോഹൻലാലിനെ സന്ദർശിച്ച് അനുമോദനം അറിയിച്ചതായും തന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മോഹൻലാൽ ആശംസകൾ നേർന്നതായും കുമ്മനം അറിയിച്ചു. കുമ്മനത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


ബി.ജെ.പിക്ക് ഏറ്റവും വിജയസാദ്ധ്യതയുള്ള മണ്ഡലമായാണ് പാർട്ടി തിരുവനന്തപുരത്തെ കണക്കാക്കുന്നത്. ഈ സീറ്റിൽ മത്സരിപ്പിക്കാൻ മിസോറം ഗവർണർ പദവി രാജിവയ്പ്പിച്ചാണ് കേന്ദ്ര നേതൃത്വം കുമ്മനത്തെ സ്ഥാനാർത്ഥിയാക്കിയത്. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിനോടും എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ദിവാകരനോടുമാണ് കുമ്മനത്തിന്റെ മത്സരം.