ഹൈദരാബാദ്: തെലുങ്കാനയിൽ ടി.ഡി.പി ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനില്ല. പകരം കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണയ്‌ക്കും. 1982-ലെ പാർട്ടി രൂപീകരണത്തിനു ശേഷം ടി.ഡി.പി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇതാദ്യമാണ്.

ലോക്‌സഭാ തെര‍ഞ്ഞെടുപ്പിൽ പരസ‌്‌പരം മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും എതിർ സ്ഥാനാർത്ഥികളെ നിർത്തരുതെന്നും കോൺഗ്രസ്‌ തെലുങ്കാനയിലെ മറ്റു പ്രതിപക്ഷ പാർട്ടികളോട് അഭ്യർത്ഥിച്ചിരുന്നു.

അടുത്തിടെ ടി.ഡി.പി നേതാക്കളിൽ പലരും പാർട്ടി വിട്ട് ടി.ആർഎസിൽ ചേർന്നിരുന്നു. പാർട്ടി പൊളിറ്റ്ബ്യൂറോ അംഗം നാമ നാഗേശ്വര റാവുവാണ് ഏറ്റവും ഒടുവിൽ ചന്ദ്രബാബു നായിഡുവിനെ വിട്ട് റാവുവിനൊപ്പം പോയത്. അദ്ദേഹം ഖമ്മം മണ്ഡലത്തിൽ ഇക്കുറി മത്സരിക്കുകയും ചെയ്യുന്നുണ്ട്. അംഗങ്ങളുടെ കൊഴിഞ്ഞുപോക്കിനെ തുടർന്ന് തെലുങ്കാനയിൽ ദുർബലാവസ്ഥയിലായ പാർട്ടി അവിടെ നിലനിൽപ്പു ഭീഷണിയിലുമാണ്.

ആന്ധ്രയിൽ ഭരണകക്ഷിയായ ടി.ഡി.പി, ദേശീയ ജനാധിപത്യസഖ്യം വിട്ടതിനു ശേഷം ബി.ജെ.പിയുമായി കടുത്ത വൈരത്തിലാണ്. തെലുങ്കാനയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, സി.പി.ഐ, തെലുങ്കാന ജനസമിതി മുന്നണിയുമായി സഹകരിച്ച് മത്സരരംഗത്തുണ്ടായിരുന്നു. അന്ന് ടി.ഡി.പി രണ്ടു സീറ്റും കോൺഗ്രസ് 19 സീറ്റും നേടി. സി.പി.ഐ‌ക്കും ടി.ജെ.എസിനും ഒരു സീറ്റു പോലും നേടാനായില്ല.