minimum-income-plan

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്ലി രംഗത്ത്. രാഹുൽ ഗാന്ധി വാഗ്ദ്ധാനം ചെയ്ത മിനിമം വേതനം പദ്ധതി തട്ടിപ്പും കാപട്യവുമാണെന്ന് അരുൺ ജെയ്‌റ്റ്ലി കുറ്റപ്പെടുത്തി. അഞ്ചു പതിറ്റാണ്ട് രാജ്യം ഭരിച്ച കോൺഗ്രസിന് ദാരിദ്ര്യം രാഷ്ട്രീയവൽക്കരിച്ച ചരിത്രമാണുള്ളതെന്നും ദാരിദ്ര്യം ഇല്ലാതാക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി സർക്കാരിന്റെ വിവിധ സാമൂഹികക്ഷേമ പദ്ധതികൾ വഴി സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിൽ പണം നേരിട്ട് എത്തുന്നുണ്ട്. ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ധനസഹായം നൽകുന്നതിനെ സുപ്രീംകോടതിയിൽ എതിർത്തവരാണ് അഭിഭാഷകരായ കോൺഗ്രസ് നേതാക്കളെന്നും ജെയ്‌റ്റ്ലി വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ ഈ വാഗ്ദ്ധാനം വെറും നുണയാണെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

രാജ്യത്തെ പാവപ്പെട്ട കാർഷിക കുടുംബങ്ങൾക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നൽകുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഇരുപത് ശതമാനം കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ തുക എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കും. ഇന്ത്യയിലെ ദാരിദ്ര നിർമാർജനത്തിനുള്ള അവസാനത്തെ യുദ്ധമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഇതിഹാസ ദിനമാണ്. ലോകത്ത് ഒരിടത്തും സമാന രീതിയിലുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി പാർട്ടി ആസ്ഥാനത്ത് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദേശീയ വക്താവ് രൺദീപ് സിംഗ് സുർജേവാല, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ച് അല്ലാതെ മറ്റൊന്നിനെക്കുറിച്ചും താൻ പ്രതികരിക്കില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.