മോഹൻലാൽ ഭീമനായി വേഷമിടുന്നുവെന്ന പ്രത്യേകതയാൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമായിരുന്നു എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാനിരുന്ന രണ്ടാമൂഴം. തിരക്കഥയെചൊല്ലിയുള്ള വിവാദത്തിനൊടുവിൽ എം.ടിയുടെ രണ്ടാമൂഴം ചലച്ചിത്രമാകുന്നത് അനിശ്ചിതത്വത്തിലായി. എന്നാൽ അടുത്തിടെ നടന്നൊരു പരിപാടിയിൽ രണ്ടാമൂഴത്തിൽ താൻ ഭീമനായി വേഷമിടുമെന്ന് പറഞ്ഞിട്ടില്ലെന്ന മോഹൻലാലിന്റെ പരാമർശത്തിന് വിമർശനമുയരുകയാണ്. ലാൽ തന്നെ പണ്ടൊരു ചാനൽ പരിപാടിക്കിടെ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വാചാലനായ വീഡിയോ ചേർത്ത ട്രോളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
പറഞ്ഞത് മാറ്റിപ്പറയാൻ ലാലേട്ടൻ ശ്രീകുമാരന് പഠിക്കുവാണോ എന്ന് ചോദിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ ശ്രീകുമാർ മേനോന് നല്‍കി നാല് വർഷമായിട്ടും ചിത്രീകരണം ആരംഭിക്കാത്ത ഘട്ടത്തിലായിരുന്നു എം.ടി. കോടതിയെ സമീപിച്ചത്. മൂന്നു വർഷത്തിനുളളിൽ ചിത്രീകരണം ആരംഭിക്കാമെന്നായിരുന്നു കരാർ. കേസ് നൽകിയ ശേഷം മൂന്ന് തവണ സംവിധായകൻ വന്നു കണ്ടുവെങ്കിലും കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നുവെന്ന് എം.ടി പറഞ്ഞു. ഇനി അനുരഞ്ജന ശ്രമങ്ങളൊന്നുമില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വക്കീലാണ് തീരുമാനിക്കുന്നതെന്നും എം.ടി പറഞ്ഞിരുന്നു.
എന്നാൽ ജനുവരി മാസം, മഹാഭാരതം അടിസ്ഥാനമാക്കി ശ്രീകുമാർ മേനോൻ ഒരു ചിത്രം സംവിധാനം ചെയ്യും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.