തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം. മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് എൻ.പീതാംബരക്കുറുപ്പ്. കേരളം അനുഭവിച്ച പ്രളയത്തിന്റെ കാരണക്കാരൻ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറിപ്പിന്റെ പരാമർശം. ആറ്റിങ്ങൽ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ നെടുമങ്ങാട് നിയോജകമണ്ഡലം കൺവൻഷനിൽ വച്ചായിരുന്നു പീതാംബരക്കുറിപ്പിന്റെ പരാമർശം.
മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നില ബാലകൃഷ്ണപിള്ള ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് എൻ.പീതാംബരക്കുറുപ്പ് മന്ത്രി എം.എം.മണിയെ നിറത്തിന്റെ പേരിൽ പരിഹസിച്ചത്. ഡാമുകൾ ഒന്നിച്ചുതുറന്നുവിടാൻ കാരണക്കാരൻ എം.എം.മണിയാണെന്ന് സമർത്ഥിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികളെ പരാമർശിച്ചിട്ട കെ.ടി.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റും വിവാദമായിരുന്നു. ജലീലിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് നിറത്തിന്റെ പേരിലുള്ള അധിക്ഷേപവുമായി എൻ.പീതാംബരക്കുറുപ്പ് രംഗത്തെത്തിയിരിക്കുന്നത്.