തിരുവനന്തപുരം: ഇടതുമുന്നണിക്ക് ഒരു കാലത്തും എൻ.എസ്.എസിന്റെ വോട്ട് ലഭിച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മുന്നണിക്ക് സംഘടനകളുടേതല്ല ജനങ്ങളുടെ വോട്ടാണ് വേണ്ടതെന്നും കാനം വ്യക്തമാക്കി.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പി സ്ഥാനാർത്ഥികൾക്കും മറ്റിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യണമെന്ന് തങ്ങളോട് നേതൃത്വം നിർദ്ദേശിച്ചതായി കഴിഞ്ഞ ദിവസം രാജിവച്ച എൻ.എസ്.എസ് ഭാരവാഹിയുടെ വെളിപ്പെടുത്തലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം.
അതേസമയം, എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ എൻ.എസ്.എസ് നർദ്ദേശിച്ചിട്ടില്ലെന്ന് ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു. എൻ.എസ്.എസ്. രാഷ്ട്രീയ കക്ഷിയല്ലെന്നും സമദൂര നിലപാട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റാണ് ബാലകൃഷ്ണപിള്ള. ഇഷ്ടമുള്ള സ്ഥാനാർഥിക്ക് വോട്ടുചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.