mm-mani-

തിരുവനന്തപുരം: കേരളത്തിലെ വടകര, വയനാട് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസിന്റെ പതിനൊന്നാം സ്ഥാനാർത്ഥിപ്പട്ടികയും പുറത്തിറങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം.എം മണി. പ്രശസ്‌ത കവി എൻ.എൻ കക്കാടിന്റെ സഫലമീ യാത്ര എന്ന കവിത ഫേസ്ബുക്കിൽ പങ്കുവച്ചാണ് മണിയുടെ ട്രോൾ.

''കാലമിനിയുമുരുളും..വിഷുവരും വർഷം വരും തിരുവോണം വരും പിന്നെയൊരോതളിരിനും പൂ വരും കായ്വരും അപ്പോഴാരെന്നും 'ആരെന്നും' ആർക്കറിയാം"- മണി ഫേസ്ബുക്കിൽ കുറിച്ചു. ഈ കവിത വയനാടിനെയും വടകരയെയും കുറിച്ചല്ലെന്ന് പരിഹാസരൂപേണ പറഞ്ഞാണ് മന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്. നേരത്തെയും കോൺഗ്രസിനെ സമാനമായ രീതിയിൽ​ ട്രോളി മന്ത്രി മണി ശ്രദ്ധയാകർഷിച്ചിരുന്നു.

അതേസമയം,​ വടകര, വയനാട് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസിന്റെ പതിനൊന്നാം സ്ഥാനാർത്ഥിപ്പട്ടികയും പുറത്തിറങ്ങി. ഇതുവരെ 258 സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. അതേസമയം സ്വന്തം പ്രചാരണത്തിൽ നിന്ന് പിന്മാറിയ ടി.സിദ്ദിഖ് രാഹുൽ എത്തുമെന്ന കണക്കുകൂട്ടലിൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കൺവൻഷനുകളിൽ സജീവമാണ്.

വടകര മണ്ഡലത്തിൽ കെ.മുരളീധരൻ പ്രചാരണം തുടങ്ങിയെങ്കിലും എ.ഐ.സി.സി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കൾ പ്രഖ്യാപനം നടത്തിയതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. അതേസമയം, ​മുരളീധരൻ പ്രചാണവുമായി മുന്നോട്ട് പോകട്ടെയെന്ന അനൗദ്യോഗിക നിർദ്ദേശവും എ.ഐ.സി.സി നൽകിയിട്ടുണ്ടെന്നാണ് സൂചന.