കുട്ടിക്കാലത്ത് മുത്തച്ഛൻ ലൈംഗികമായി ചൂഷണം ചെയ്തത് പേസ്ബുക്കിലൂടെ തുറന്നുപറഞ്ഞ് യുവതി. 13 വയസ് പ്രായമുള്ളപ്പോഴാണ് മുത്തച്ചൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് ജാഡെ എഡ്വേർഡ്സ് പറയുന്നു. മുത്തശി ഉറങ്ങുന്ന സമയത്താണ് ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത്. അടുത്ത ബന്ധുക്കളോട് ഇക്കാര്യം പറഞ്ഞെങ്കിലും ആരും വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. ഇതിനെത്തുടർന്ന് പിന്നീട് മുത്തച്ഛനെ ഫേസ്ബുക്ക് ചാറ്റ് വഴി കുടുക്കി സത്യം പുറത്തുവിട്ടാണ് പീഡന വിവരം ജാഡെ എഡ്വേർഡ്സ് ലോകത്തെ അറിയിച്ചത്.
താൻ പീഡിപ്പിച്ചതായി ചാറ്റിൽ 69കാരനായ ജോസഫ് എഡ്വേർഡ്സ് സമ്മതിക്കുന്നുണ്ട്. യുവതിയുടെ വെളിപ്പെടുത്തലിനെതുടർന്ന് അറസ്റ്റിലായ ജോസഫിനെ കോടതി 15 മാസം ജയിൽശിക്ഷ വിധിച്ചു. സ്വന്തം മുത്തച്ഛന്റെ പീഡനം തുറന്നുപറയാൻ ധൈര്യം കാണിച്ച 23കാരിയായ ജാഡെ എഡ്വേർഡ്സിന്റെ ധീരതയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്.
സംഭവത്തെക്കുറിച്ച് ജാഡെ എഡ്വേർഡ്സ് പറയുന്നത് ഇങ്ങനെ,
2009 ജൂണിലായിരുന്നു ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത്. മുത്തച്ഛന്റെ കൊച്ചുമക്കളിൽ ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു താൻ. ഒരു ദിവസം വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ, മുത്തച്ഛൻ തന്നെ മടിയിൽ പിടിച്ചിരുത്തുകയും ശരീരത്തിൽ പിടിക്കുകയും ചെയ്തു. ഈ സമയം മുത്തശ്ശി മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്നു. മറ്റാരും വീട്ടിൽ ഇല്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അന്ന് എനിക്ക് മനസിലായില്ല. ഒന്നും സംഭവിക്കാത്തതുപോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ടി.വിയിലായിരുന്നു ശ്രദ്ധ'.
'അന്നത് കാര്യമായി എടുത്തില്ല. എന്നാൽ ഒമ്പത് മാസത്തിനുശേഷം ഒരു ദിവസം വൈകിട്ട് സ്കൂളിൽനിന്ന് ബീച്ചിലേക്കു പോകുന്നവഴി, ആളൊഴിഞ്ഞ ഭാഗത്ത് കാർ ഒതുക്കി നിർത്തി. പെട്ടെന്ന് മുത്തച്ഛൻ എന്നെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തു. മാനസികമായി അന്നു വളരെ തകർന്നുപോയിയെന്ന് ഡാജെ എഡ്വേർഡ്സ് പറയുന്നു.
' ഈ സംഭവം ആരോടും പറയരുതെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചു വീട്ടിലെത്തി. മറ്റൊരു ദിവസം വിശക്കുന്നുവെന്നും കഴിക്കാൻ പിസ എടുത്തുകൊണ്ടുവരാൻ പറഞ്ഞു. അയാളുടെ മുന്നിലേക്ക് പോകാൻ മടിച്ചു. അയാളെ കാണാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ല. വീട്ടിൽനിന്ന് എവിടേക്കെങ്കിലും ഓടിപ്പോകാൻ തോന്നി. മറ്റൊരുദിവസവും ബീച്ചിനടുത്തുവെച്ച് കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തു. അന്ന് ഉറക്കെ നിലവിളിച്ചതോടെയാണ് ഉപദ്രവം നിർത്തിയത്. പിന്നെയും ലൈംഗികമായി ചൂഷണം ചെയ്യുന്നത് തുടർന്നു. 16 വയസ് ആകുന്നതുവരെ ഇത് തുടർന്നു. ഒരുദിവസം എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. എന്നാൽ ഇത് മറ്റാരോടെങ്കിലും പറയുമെന്ന് പറഞ്ഞതോടെയാണ് ഉപദ്രവം നിർത്തിയത്'.
ഒരു തെളിവുമില്ലാത്തതാണ് അവളെ കുഴക്കിയത്. ആരോടെങ്കിലും പറയാമെന്ന് വെച്ചാൽ ആരും വിശ്വസിക്കില്ല. അങ്ങനെയാണ് തെളിവ് സംഘടിപ്പിക്കാൻ ജാഡെ എഡ്വേർഡ്സ് ഫേസ്ബുക്ക് മാർഗമാക്കിയത്. ഫേസ്ബുക്ക് മെസഞ്ചറിലൂടെ അവൾ മുത്തച്ഛനോട് ചോദിച്ചു, ' എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്'. ആദ്യമൊന്നും കൃത്യമായി പ്രതികരിച്ചില്ലെങ്കിലും, തുടർച്ചയായി ചോദിച്ചപ്പോൾ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച കാര്യം ജോസഫ് എഡ്വേർഡ്സ് സമ്മതിച്ചു. അങ്ങനെ ചെയ്തതിൽ അതിയായ ഖേദമുണ്ടെന്നും അത് നിർത്താൻ സാധിച്ചില്ലെന്നും നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നുമായിരുന്നു മറുപടി.