തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കിടെ മൂന്ന് കൊലപാതകങ്ങൾ, പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകൽ, കോടികളുടെ ഹാഷിഷ് ഓയിലും കഞ്ചാവും കടത്തൽ,ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലുകൾ.... മുംബയ് അധോലോകത്തെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾക്കാണ് തലസ്ഥാന നഗരം സാക്ഷിയാവുന്നത്.ഗുണ്ടകളുടെ ഡാറ്റാബേസുണ്ടാക്കിയിട്ടുണ്ടെന്ന പൊലീസിന്റെ അവകാശവാദം വെറും പൊള്ളയാണെന്ന് ഞായറാഴ്ച രാത്രി നഗരമദ്ധ്യത്തിൽ ബാർട്ടൺഹില്ലിൽ ഗുണ്ടാപ്പകയെത്തുടർന്നുള്ള കൊലപാതകത്തോടെ വ്യക്തമായി.ഗുണ്ടകളെ അമർച്ച ചെയ്ത് നഗരവാസികളുടെ സ്വൈരജീവിതം ഉറപ്പാക്കാൻ പൊലീസ് പ്രഖ്യാപിച്ച 'ഓപ്പറേഷൻ ബോൾട്ട് ' വെറും വാഹനപരിശോധനയിലും പെറ്റിയടിയിലും ഒതുങ്ങിയതോടെ നഗരം വീണ്ടും ഗുണ്ടകളുടെ തലസ്ഥാനമായി മാറി.
തുടരെത്തുടരെ കൊലപാതകങ്ങളുണ്ടായിട്ടും ഫലപ്രദമായി ഇടപെടാൻ പൊലീസിനായിട്ടില്ല. ക്രമസമാധാനം അങ്ങേയറ്റം വഷളായ സാഹചര്യത്തിലും നിത്യേന രാവിലെ പൊലീസുദ്യോഗസ്ഥർക്ക് അന്നന്ന് തികയ്ക്കേണ്ട പെറ്റിയുടെ ക്വോട്ടയെത്തും. രാപകൽ ഭേദമില്ലാതെ നിരത്തുകളിൽ വാഹനങ്ങൾ തടഞ്ഞുനിറുത്തി പെറ്റിയടിക്കുന്നതിൽ മാത്രമാണ് പൊലീസിന് ജാഗ്രത.
ഗുണ്ടാ, ക്വട്ടേഷൻ പ്രവർത്തനം, മയക്കുമരുന്ന് വില്പന, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ എന്നിവ ചെയ്യുന്ന ഇരുനൂറോളം ക്രിമിനലുകളുടെ പട്ടികയാണ് പൊലീസിന്റെ പക്കലുള്ളത്. ഗുണ്ടാകേസുകളിലെ പ്രതികളുടെയും നേരത്തേ പ്രതികളായിരുന്നവരുടെയുമെല്ലാം വിരലടയാളം, ആധാർ വിവരങ്ങൾ, വിലാസം, കേസുകളുടെ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവരങ്ങൾ, ഫോൺ നമ്പരുകൾ, വീട്ടിലേക്കെത്താനുള്ള ജി.പി.എസ് വിവരങ്ങൾ അടക്കമുള്ള വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ചുവച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങളിൽ പെടുന്നവരുടെ വിരലടയാളം ലഭിച്ചാൽ ഗുണ്ടകളെ കണ്ടെത്താനാവും വിധത്തിൽ ഡാറ്റാബേസ് സജ്ജമാണെന്നുമാണ് പൊലീസിന്റെ അവകാശവാദം. രണ്ട് ക്രിമിനൽകേസുകളിൽ കൂടുതൽ പ്രതികളായവരുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കുഴപ്പക്കാരാണെന്ന് സംശയം തോന്നിയാൽ അകത്താക്കുമെന്നും കമ്മിഷണർ ഇടയ്ക്കിടെ വാർത്താക്കുറിപ്പ് ഇറക്കുന്നതിൽ മാത്രമായി ഗുണ്ടാവേട്ട ഒതുങ്ങി.
സംസ്ഥാനത്ത് ഏറ്റവുമധികം ഗുണ്ടകളുള്ള മൂന്നാമത്തെ ജില്ലയാണ് തിരുവനന്തപുരം. സിറ്റിയിൽ 266ഉം റൂറലിൽ 35ഉം പേർ ഗുണ്ടാപ്രവർത്തനങ്ങളിൽ സജീവമാണെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഈ പട്ടികയിലുള്ള മുഴുവൻ പേരെയും സിറ്റിപൊലീസ് പരിശോധിക്കുന്നതായിരുന്നു നേരത്തേയുള്ള രീതി. കൺട്രോൾ റൂം അസി.കമ്മിഷണർ വി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പട്ടികയിലുണ്ടായിരുന്ന മരണപ്പെട്ടവരെയും വൃദ്ധരെയുമെല്ലാം ഒഴിവാക്കി 120പേരെ കർശനമായി പരിശോധിക്കുകയും തുടർച്ചയായ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. നിത്യേന പരിശോധനയുണ്ടെങ്കിൽ കുറ്റകൃത്യങ്ങളിൽ പെടാനുള്ള പ്രവണത കുറയുമെന്ന പൊലീസിന്റെ വിലയിരുത്തൽ ശരിയായിരുന്നു. ഗുണ്ടാസംഘങ്ങൾ പത്തിമടക്കുകയും കേസുകൾ കുറയുകയും ചെയ്തു. പിന്നീട് വന്ന ഉദ്യോഗസ്ഥർ ഗുണ്ടാവേട്ട കാര്യമായെടുത്തില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം.
പഴയകാല ഗുണ്ടകളിൽ വലിയൊരു വിഭാഗം ഗുണ്ടാപ്രവർത്തനം നിറുത്തി മയക്കുമരുന്ന് കടത്തിലേക്കും വില്പനയിലേക്കും തിരിഞ്ഞിരിക്കുകയാണ്. ഗുണ്ടകളുടെ പ്രവർത്തനരീതി, താവളം, സംരക്ഷിക്കുന്നവർ, തടവിൽ കഴിയുന്ന ഗുണ്ടകൾ തുടങ്ങിയ വിവരങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തേ കൃത്യമായ വിവരമുണ്ടായിരുന്നു. ഇപ്പോൾ സ്പെഷ്യൽബ്രാഞ്ച്, ഷാഡോ പൊലീസ് എന്നിവയൊന്നും ഏകോപനത്തോടെ പ്രവർത്തിക്കുന്നില്ല.
തലസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരാണ് ഗുണ്ടാസംഘങ്ങൾക്ക് പണമൊഴുക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചതുപ്പുകളും താഴ്ന്ന സ്ഥലങ്ങളും മണ്ണിട്ട് നികത്തിയെടുക്കാനും ബിൽഡർമാർക്ക് സംരക്ഷണം നൽകാനും ഈ സംഘങ്ങളാണ്. ഇവർക്ക് ലക്ഷങ്ങൾ പ്രതിഫലം നൽകുന്നത്. മണ്ണിട്ട് ഭൂമി നികത്തിയെടുക്കാനുള്ള കരാറെടുക്കാൻ ഇടനിലക്കാരുണ്ട്. ഇവരാണ് ഗുണ്ടാസംഘങ്ങളെ പണി ഏൽപ്പിക്കുന്നത്. മണ്ണ് കടത്തൽ കേസുകളിൽ ഭൂമിയുടെ ഉടമസ്ഥർക്കും ബിൽഡർമാർക്കുമെതിരെ ഗുണ്ടാവിരുദ്ധനിയമം ചുമത്താനുള്ള പൊലീസിന്റെ നീക്കവും അട്ടിമറിക്കപ്പെട്ടു.
..........................
നഗരത്തിൽ ക്രമസമാധാന പാലനത്തിന് സാദ്ധ്യമായതെല്ലാം ചെയ്ത് ഗുണ്ടകളെ അമർച്ച ചെയ്യും. ബാർട്ടൺഹില്ലിൽ അനിയെ കൊലപ്പെടുത്തിയ ജീവനെ അഞ്ചുദിവസം മുൻപ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയിരുന്നു. ജയിലിൽ നിന്നിറങ്ങിയാണ് കൊലപാതകം നടത്തിയത്. ഇയാളെ തുടർച്ചയായി നിരീക്ഷിച്ചിരുന്നെങ്കിലും അസാധാരണമായി ഒന്നും ശ്രദ്ധയിൽപെട്ടില്ല. 2014ൽ ഇയാൾക്കെതിരെ കാപ്പ ചുമത്തി ഒരുവർഷം ജയിലിലടച്ചിരുന്നു. പിന്നീട് ഇപ്പോഴാണ് അക്രമം കാട്ടുന്നത്. ഇത് 100ശതമാനം ഗുണ്ടാപ്രവർത്തനമാണെന്ന് പറയാനാവില്ല. ചില കുടുംബപ്രശ്നങ്ങളുമുണ്ട്. 2017ൽ ആദ്യ മൂന്നുമാസക്കാലം മൂന്ന്, 2018ൽ ആറ് വീതം കൊലപാതകങ്ങളുണ്ടായിരുന്നു. ഇപ്പോൾ മാത്രം പുതുതായി ഉണ്ടായതല്ല.
സഞ്ജയ് കുമാർ ഗുരുദിൻ, സിറ്റി പൊലീസ് കമ്മിഷണർ