തിരുവനന്തപുരം: തലസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ ആരംഭിച്ച ഓപ്പറേഷനുകളിൽ പൊലീസിന്റെ അന്വേഷണം ഫലപ്രദമാകുന്നില്ല. നടപടിക്രമങ്ങളും ചട്ടങ്ങളും സുപ്രീംകോടതി മാർഗ നിർദ്ദേശങ്ങളും പാലിക്കാതെയുള്ള അന്വേഷണമാണ് മിക്ക കേസുകളിലും പൊലീസ് നടത്തുന്നതെന്നാണ് ആരോപണം. മെഡിക്കൽ കോളേജിൽ 135 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ കുറ്റപത്രം കോടതി റദ്ദാക്കിയതിന് പിന്നാലെ 13 കോടിയുടെ ഹാഷിഷ് പിടികൂടിയ കേസിലെ കുറ്റപത്രം അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി സ്വീകരിച്ചില്ല. ഈ കേസുകളിലെ പ്രതികൾ കൂട്ടത്തോടെ രക്ഷപെടാനും ഇതോടെ വഴിയൊരുങ്ങി. രണ്ട് കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് പിന്നീട് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചു.
മെഡിക്കൽ കോളേജ് വളപ്പിൽ നിന്ന് 2018 ഏപ്രിലിൽ 135 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ മെഡിക്കൽ കോളേജ് പൊലീസിനുണ്ടായ പിഴവു കാരണമാണ് കുറ്റപത്രം റദ്ദാക്കിയത്. കേസെടുത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ പാടില്ലെന്ന സുപ്രീംകോടതി നിർദ്ദേശം വകവയ്ക്കാതെ, കഞ്ചാവ് പിടിച്ച മെഡിക്കൽ കോളേജ് സി.ഐ തന്നെ കുറ്റപത്രം നൽകി. 24 വർഷംവരെ ശിക്ഷകിട്ടാവുന്ന കേസിലെ മൂന്ന് പ്രതികൾ കേസിൽ നിന്ന് ഊരിപ്പോയി. ഗുണ്ടാനിയമം ചുമത്തപ്പെട്ടിരുന്ന ഒട്ടേറെ കേസുകളിലെ പ്രതികളായിരുന്നു ഇവർ. തലസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവുവേട്ടയായിരുന്നു ഇത്. നാർക്കോട്ടിക് കേസുകളുടെ അന്വേഷണത്തിൽ കേസെടുത്ത ഉദ്യോഗസ്ഥൻ തുടരന്വേഷണം നടത്തി കുറ്റപത്രം നൽകരുതെന്നായിരുന്നു സുപ്രീംകോടതിയുടെ പ്രധാന നിർദ്ദേശം. കേസെടുത്ത ഉദ്യോഗസ്ഥനെക്കാൾ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കുറ്റപത്രം സമർപ്പിക്കേണ്ടിയിരുന്നത്. നാർക്കോകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻ.ഡി.പി.എസ്.) പ്രകാരം പ്രതികളാക്കപ്പെടുന്നവർക്ക് കടുത്തശിക്ഷ കിട്ടാനിടയുള്ള കേസുകളിലെ അന്വേഷണം സുതാര്യമാക്കാനായിരുന്നു സുപ്രീംകോടതി ഇടപെട്ടത്. ക്രമവിരുദ്ധമായ കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതികൾ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചതോടെ കുറ്റപത്രം റദ്ദാക്കുകയായിരുന്നു. പത്തുകോടിയുടെ ഹാഷിഷുമായി നാല് ശ്രീലങ്കൻ സ്വദേശികൾ പിടിയിലായ കേസിലും പൊലീസ് സമാനമായ വീഴ്ച ആവർത്തിച്ചു. കൃത്യമായ രേഖകളില്ലാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും കന്റോൺമെന്റ് പൊലീസ് നൽകിയ കുറ്റപത്രം കോടതി സ്വീകരിച്ചില്ല. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്നതോടെ നാല് ശ്രീലങ്കക്കാർക്കും ജാമ്യം ലഭിച്ചു. എൻ.ഡി.പി.എസ് ആക്ടിലെ 45, 50, 57 വകുപ്പുകൾ പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയാണ് കുറ്റപത്രം നൽകിയത്.
കഴിഞ്ഞ ആറുമാസമായി ഒരു വൻകിട മയക്കുമരുന്ന്, ലഹരിമരുന്ന് കേസിൽ പോലും പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മിക്ക കേസുകളിലും പ്രതികളെ വെറുതേ വിടുകയാണ് പതിവ്. മദ്യപിച്ച് വാഹനമോടിച്ച് പിടികൂടുന്ന കേസുകളിൽ മാത്രമാണ് പ്രതികളെ ശിക്ഷിക്കുന്നത്. അതും 1500 രൂപ പിഴ മാത്രം.