കുളത്തൂർ: ശില്പകലാചാരുതയിൽ നിർമാണം പൂർത്തിയായ കുളത്തൂർ കോലത്തുകര മഹാദേവ ക്ഷേത്രത്തിലെ അലങ്കാര ഗോപുര സമർപ്പണം ഈ വർഷത്തെ തിരുവാതിര ഉത്സവത്തിന്റെ പള്ളിവേട്ട ദിവസമായ ഏപ്രിൽ 10ന് നടക്കും. 1.20 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഗോപുരത്തിന്റെ പ്രധാന ഭാഗങ്ങളിലും അകത്തളങ്ങളിലും വിശാലമായ ശില്പകല പ്രകടമാണ്. ഹിന്ദു ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന്റെ മാതൃകയിലാണ് ഗോപുരത്തിന്റെ വാതിൽ നിർമിച്ചിരിക്കുന്നത്. തമിഴ് മലയാളം വാസ്തുവിദ്യയിൽ എൻജിനിയറായ എൻ. ചെല്ലമാണ് അലങ്കാരഗോപുരം രൂപകല്പന ചെയ്തിരിക്കുന്നത്. വെങ്ങാനൂർ ഉദയകുമാർ, ബിജു മൊട്ടമൂട്, സഹായികളായ ചന്ദ്രൻ, ജയൻ, ശ്രീകണ്ഠൻ എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി അഞ്ച് വർഷമായി നിർമാണം പുരോഗമിക്കുന്ന ബൃഹത്തായ ഈ അലങ്കാര ഗോപുരത്തിന്റെ ശില്പികൾ.
ഗോപുരത്തിൽ ശിവൻ പാർവതിയേയും ഗണപതിയേയും ചേർത്തു പിടിച്ചിരിക്കുന്നതും പാർവതിയുടെ മടിയിൽ മുരുകനും, ഇവരുടെ മുൻ വശത്തായി നന്ദിയും ഇരുവശത്തായി ബ്രഹ്മാവും വിഷ്ണുവും ചേർന്നതാണ് പ്രധാന മുഖമണ്ഡപം. പ്രധാന കവാടത്തിന്റെ ഇരുവശത്തുമായി 12 അടി ഉയരത്തിൽ വാക് വ്യാളികളുടെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. കൃഷ്ണശിലയിൽ തീർത്ത വാതിൽപ്പടികളും ആറ് പടികളിൽ തീർത്ത സോപാനവും മയിലാടിയിൽ നിന്ന് എത്തിച്ചതാണ്. ശാസ്താവ്, ഷണ്മുഖൻ, ഹനുമാൻ, കാലഭൈരവൻ, ശ്രീനാരായണ ഗുരുദേവൻ, ജഡാധര സ്വാമി, ശാരദ ദേവി, വിവേകാനന്ദൻ, ശിവരൂപമായ വീരഭദ്രൻ തുടങ്ങി നിരവധി ശില്പങ്ങളും ഗോപുരത്തിന് ഭംഗി പകരുന്നു. അഞ്ച് നിലയുള്ള ഗോപുരത്തിന്റെ ഒന്നാം നിലയിൽ വടക്കുവശത്തായി മാർക്കണ്ഡേയ മോക്ഷവും തൊട്ടുമുകളിലായി ബ്രഹ്മാവും തെക്കുവശത്ത് ഗായത്രി ദേവിയും ഇരുവശങ്ങളിലുമായി ശ്രീബുദ്ധനും ശ്രീശങ്കരാചാര്യരും അതിന് തൊട്ടുമുകളിൽ മഹാവിഷ്ണുവുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
നിർമ്മാണം
കൃത്യമായ തച്ചുശാസ്ത്ര കണക്കുകളിലൊതുക്കിയാണ് അലങ്കാര ഗോപുരത്തിന്റെ നിർമാണം. 25 കോൽ 7 അംഗുലമാണ് ഇതിന്റെ ചുറ്റളവ്. താഴിക കുടം ഉൾപ്പെടെ 23 കോൽ 15 അംഗുലമാണ് ഉയരം. കൃത്യം 17 മീറ്റർ 1 സെന്റിമീറ്റർ. ശ്രീനാരായണ ഗുരുദേവൻ രണ്ടാമതായി ശിവ പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രം കിഴക്ക് ദർശനമായിട്ടാണ് നിലകൊള്ളുന്നത്. എന്നാൽ ഇതുവരെയും പടിഞ്ഞാറ് ഭാഗത്തുകൂടിയാണ് ആളുകൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. കിഴക്ക് ഭാഗത്ത് അലങ്കാര ഗോപുരം വരുന്നതോടെ ക്ഷേത്ര പ്രവേശനം കിഴക്ക് ഭാഗത്തുകൂടിയാകും. ആറാട്ടിനും മറ്റും ആന എഴുന്നള്ളത്തിന് പ്രവേശിക്കാൻ കഴിയും വിധം വീതിയും ഉയരവുമുള്ള തരത്തിലാണ് അലങ്കാര ഗോപുരത്തിന്റെ പ്രവേശന വാതിൽ രൂപകല്പന ചെയ്തിരിക്കുന്നത്.