പോത്തൻകോട്: വീട് നിർമ്മിച്ചു നൽകാമെന്ന വാഗ്ദാനം പാതിവഴിയിൽ നിലച്ചതോടെ കാട്ടായിക്കോണം ശാസ്തവട്ടം വിളവീട് പുതുവൽ പുത്തൻവീട്ടിൽ വൈഷ്ണവിയുടെ സ്വപ്നങ്ങളും കരിഞ്ഞുതുടങ്ങി. നിർദ്ധന കുടുംബത്തിനായി നിർമ്മാണം തുടങ്ങിയ വീടിന്റെ പണികൾ നിലച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു. ദുബായ് ആസ്ഥാനമായ ഡെൽറ്റ ഗ്രൂപ്പ് ഉടമ വർക്കല ഇടവ സ്വദേശി കബീർ ജലാലുദീനാണ് വൈഷ്ണവിയുടെ കുടുംബത്തിന് സൗജന്യമായി വീട് വച്ചുനൽകാമെന്നേറ്റിരുന്നത്.
പ്ലസ് ടുവിന് ഉന്നത വിജയം നേടിയ വൈഷ്ണവിയുടെ ആഗ്രഹം സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മന്ത്രി മുൻകൈയെടുത്തപ്പോഴാണ് 900 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീട് നിർമ്മാണത്തിന് കളമൊരുങ്ങിയത്. 2017 മാർച്ച് 2 ന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ആഘോഷപൂർവം തറക്കല്ലിട്ട് രണ്ടു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി താക്കോൽ കൈമാറുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പകുതി ചുവർ നിർമ്മിച്ചപ്പോഴേക്കും പണി അനിശ്ചിതമായി നിലയ്ക്കുകയായിരുന്നു. നിർമ്മാണത്തിന്റെ ഭാഗമായി വച്ച കട്ടിളകൾ മിക്കതും ചിതലെടുത്ത്, വീടും പരിസരവും കാടുകയറിയ നിലയിലാണ് ഇപ്പോൾ. നാല് സെന്റ് ഭൂമിയിലെ പഴയ വീട് പൊളിച്ചുമാറ്റിയാണ് പുതിയ വീടിന്റെ പണികൾ ആരംഭിച്ചത്. ഇതോടെ തലചായ്ക്കാൻ ഇടമില്ലാതായ കുടുംബം ഇപ്പോൾ മറ്റൊരിടത്ത് വാടകയ്ക്കാണ് താമസിക്കുന്നത്.
ഇടിഞ്ഞുവീഴാറായ വീടിനുള്ളിൽ ജീവിതം തള്ളിനീക്കിയ വൈഷ്ണവി പ്ലസ് ടുവിന് ഉന്നത വിജയം നേടിയപ്പോൾ, ആ കുടുംബത്തിന്റെ ദുരവസ്ഥ കേരളകൗമുദിയായിരുന്നു പൊതുസമൂഹത്തിന് മുന്നിലെത്തിച്ചത്. പിതാവ് മരണപ്പെട്ടതിനെ തുടർന്ന് തയ്യൽ തൊഴിലാളിയായ അമ്മയുടെ തുച്ഛമായ വരുമാനത്തിൽ പഠിച്ച വൈഷ്ണവിക്ക് ഡോക്ടറാകാനായിരുന്നു മോഹം.
പത്ര വാർത്തയിലൂടെ വൈഷ്ണവിയുടെ ദുരിതപൂർണമായ അവസ്ഥ മനസിലാക്കി നിരവധി സന്നദ്ധ സംഘടനകളും കോൺട്രാക്ടർമാരുടെ സംഘടനയായ ലെൻസ്ഫെഡും സൗജന്യ വീട് നിർമ്മാണം ഉൾപ്പെടെയുള്ള സഹായസഹകരണങ്ങളുമായി കുടുംബത്തെ സമീപിച്ചിരുന്നെങ്കിലും ഡെൽറ്റ ഗ്രൂപ്പിന്റെ വരവോടെ മറ്റുള്ളവർ പിൻവാങ്ങുകയായിരുന്നു. വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയായ പ്രകാശം പദ്ധതിയിൽ വൈഷ്ണവിയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും അതിന്റെ പ്രയോജനവും കിട്ടിയില്ല.
..............................
നഗരസഭയുടെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വച്ചുനൽകാൻ നടപടികൾ പൂർത്തിയായപ്പോഴാണ് അതിനെക്കാൾ മെച്ചപ്പെട്ട വീട് നിർമ്മിച്ചുനല്കാമെന്ന വാഗ്ദാനവുമായി ജലാലുദീൻ എത്തിയത്. കുടുംബത്തിന് നേട്ടമുള്ള കാര്യമായതിനാൽ എല്ലാവരും സമ്മതിച്ചു. പ്രാരംഭ പ്രവർത്തനങ്ങൾ അതിവേഗം നടന്നെങ്കിലും മുന്നറിയിപ്പില്ലാതെ ജോലികൾ നിലയ്ക്കുകയായിരുന്നു. ജലാലുദീനുമായി ഉടൻ ബന്ധപ്പെട്ട് നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളും.
സിന്ധു ശശി, കാട്ടായിക്കോണം വാർഡ് കൗൺസിലർ