കഴക്കൂട്ടം: വെള്ളവും വെളിച്ചവും സഞ്ചാരയോഗ്യമായ റോഡുകളും ഇല്ലാതെ നരകിക്കുകയാണ് സൈനിക സ്കൂളിന് എതിർവശത്തുള്ള ചന്തവിള ആമ്പല്ലൂർ നിവാസികൾ. പ്രദേശത്തെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. വഴിവിളക്കുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. അത്യാവശ്യങ്ങൾക്കായി വെള്ളമില്ലാതെ പരക്കംപായേണ്ട ഗതികേടിലാണ് ഇവിടത്തുകാർ.
നഗരസഭയുടെ ശുദ്ധജല പദ്ധതിയിൽ ആമ്പല്ലൂരിനെ ഉൾപ്പെടുത്താമെന്നും മുഴുവൻ പ്രദേശത്തും ജലമെത്തിക്കുമെന്നും ജനപ്രതിനിധികൾ വാഗ്ദാനം നൽകിയിരുന്നു. ഒന്നും നടക്കാതായപ്പോൾ ആമ്പല്ലൂർ റസിഡന്റ്സ് അസോസിയേഷൻ നിവേദനങ്ങളുമായി അധികാരികളെ സമീപിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഈ പ്രദേശത്ത് രണ്ടു കുളങ്ങളും കൈത്തോടുകളും ഉണ്ടെങ്കിലും അവ നാശത്തിന്റെ വക്കിലാണ്. കുടിക്കാനൊഴികെയുള്ള മുഴുവൻ ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന പ്രധാന ജലസ്രോതസുകളായ ചാണായിക്കോണം കുളം, താമരക്കുളം എന്നിവ പായലും, പുല്ലും, ചവറും നിറഞ്ഞു ഉപയോഗശൂന്യമായി. ജനസാന്ദ്രത ഏറെയുള്ള ഈ മേഖലയിലെ കോട്ടയത്തുകാവ് കുന്നിൽ (ശാസ്താ നഗർ) റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് കിടക്കുന്നത്.
കുഴൽക്കിണറുകളുടെ എണ്ണം കൂടിയതോടെ പ്രദേശത്തെ ജലദൗർലഭ്യവും കടുത്തു. നിലവിൽ സൈനിക് സ്കൂളിന്റെ മെയിൻ ഗേറ്റ് വരെയാണ് പൈപ്പ് ലൈൻ കണക്ഷൻ എത്തിയത്. ബാക്കി സ്ഥലത്തേക്ക് ഇതു നീട്ടിയിരുന്നെങ്കിൽ പ്രദേശവാസികൾക്ക് ഏറെ പ്രയോജനകരമായേനെ. ആമ്പല്ലൂർ - മണ്ണറ, ആമ്പല്ലൂർ - മേലഴികം എന്നീ റോഡുകളിലൂടെ ദിവസവും 18ഓളം സ്കൂൾ ബസുകൾ കടന്നുപോകുന്നുണ്ട്. ഇതിനടുത്ത് മണ്ണെടുത്ത ആഴത്തിലുള്ള കുഴികളാണ്. ഇവിടെ സംരക്ഷണ ഭിത്തി കെട്ടി അടയ്ക്കണമെന്ന ആവശ്യത്തിനും പരിഹാരമായില്ല.
റേഡിയോ കിയോസ്ക് താമരക്കുളം ഇടറോഡ്, പ്രദേശവാസികൾ തന്നെ മണ്ണിട്ടു നികത്തിയെടുത്തിട്ടും മെറ്റലിട്ടു നേരെയാക്കിയെടുക്കാൻ ആരും സഹായിക്കുന്നില്ല. കോട്ടയത്ത് കാവ് ഏല റോഡ്, വാഞ്ഞല്ലൂർ കോട്ടയത്ത് ഏല റോഡ് എന്നിവയുടെ അവസ്ഥയും വളരെ ദയനീയമാണ്. റസിഡന്റ്സ് അസോസിയേഷൻ മന്ത്റിക്കും, കൗൺസിലർക്കും മേയർക്കും അടക്കം വെവ്വേറെ പരാതികൾ കൊടുത്തിട്ടും പരിഹാരം കാണാത്തതിനാൽ ആമ്പല്ലൂർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോർപറേഷൻ കഴക്കൂട്ടം സോണൽ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു.
പ്രധാന പ്രശ്നങ്ങൾ
കുടിവെള്ള ക്ഷാമം രൂക്ഷം
റോഡുകൾ പലതും പൊട്ടിപ്പൊളിഞ്ഞു
ജലസ്രോതസുകൾ പലതും ഉപയോഗശൂന്യമായി
പലയിടങ്ങളിലും റോഡുകൾക്ക് സംരക്ഷണ ഭിത്തി ഇല്ല
പൈപ്പ് കണക്ഷനും ലഭ്യമല്ല
ആമ്പല്ലൂരിനോടുള്ള അവഗണന അവസാനിപ്പിക്കാൻ നഗരസഭ ഇടപെടണം.
നജീം, ആമ്പല്ലൂർ റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്