തിരുവനന്തപുരം: പുതിയൊരു ട്രാൻസ്ഫോർമറിന് അൻപത് ലക്ഷം രൂപ അടച്ച് കാത്തിരിക്കാൻ തുടങ്ങി ഒരു വർഷമായിട്ടും പി.ഡബ്ലിയു.ഡി അധികൃതരുടെ മെല്ലപ്പോക്കുമൂലം പദ്ധതി ഇഴയുന്നുവെന്ന പരാതിയുമായി തിരുവനന്തപുരം ആയുർവേദ കോളേജ് അധികൃതർ.
നിരന്തരം വൈദ്യുതി തടസമുണ്ടാകുന്നത് ആശുപത്രിയുടെയും കോളേജിന്റെയും പ്രവർത്തനത്തെ ബാധിക്കാൻ തുടങ്ങിയതോടെയാണ് ആശുപത്രിക്ക് മാത്രമായി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ 2018ൽ അധികൃതർ തീരുമാനിച്ചത്. ഇതിനായി പദ്ധതി തയാറാക്കുകയും സർക്കാരിൽ നിന്ന് 50 ലക്ഷം രൂപ അനുവദിപ്പിക്കുകയും ചെയ്തു. 2018ൽ ഈ തുക പി.ഡബ്ലിയു.ഡിയിലെ ഇലട്രിക്കൽ സെക്ഷൻ ചീഫ് എൻജിനിയറുടെ ഓഫീസിൽ കെട്ടി വയ്ക്കുകയും ചെയ്തു. എന്നാൽ ഒരു വർഷമായിട്ടും ട്രാൻസ്ഫോർമർ സ്ഥാപിച്ചില്ല. പണം കെട്ടിവച്ച അതേമാസംതന്നെ ടെൻഡർ നടപടികൾ ആരംഭിച്ചെന്നാണ് പി.ഡബ്ലിയു.ഡി പറയുന്നത് . ട്രാൻസ്ഫോർമർ സ്ഥാപിച്ചതിനുശേഷമുള്ള ജോലികൾ വൈദ്യുതി വകുപ്പിനെ ഏൽപ്പിക്കുന്നതിനായി 24 ലക്ഷം രൂപയും അനുവദിച്ചെങ്കിലും ട്രാൻസ്ഫോർമർ സ്ഥാപിക്കാത്തതിനാൽ ആ പണവും പാഴാവുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതർ.
കാലാവധി കഴിഞ്ഞ ലിഫ്റ്റ്
ആശുപത്രിയിൽ നാല് ലിഫ്റ്റുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം കാലാവധി കഴിഞ്ഞിരിക്കുകയാണ്. പഴയ കെട്ടിടത്തിലെ ലിഫ്റ്റുകളാണിവ. മരുന്നും ആഹാര സാധനങ്ങളും രോഗികൾക്കെത്തിക്കുന്നതിനും മാലിന്യം നീക്കം ചെയ്യുന്നതിനുമടക്കം ഏറ്റവും കൂടുതൽ രോഗികളും അധികൃതരും ഉപയോഗിക്കുന്നതും ഈ ലിഫ്റ്റാണ്. ഇത് മാറ്റി സ്ഥാപിക്കാൻ 24 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനായി പി.ഡബ്ലിയു. ഡിയെ സമീപിച്ചെങ്കിലും ഇതിനും കാലപ്പഴക്കം നേരിടുന്നതായി അധികൃതർ പറയുന്നു.
..........................
ടെൻഡർ നടപടികളിലേക്ക് കടന്നാൽ മതി. ആദ്യ ടെൻഡർ നടന്നെങ്കിലും ഒരു കരാറുകാരൻ മാത്രം വന്നതിനാൽ ടെൻഡർ അസാധുവായി. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ അടുത്ത ടെൻഡർ ആരംഭിക്കും.
അജിത്ത്, അസി. എൻജിനിയർ
പി.ഡബ്ലിയു.ഡി. വെസ്റ്റ് സെക്ഷൻ