തിരുവനന്തപുരം: ഉത്സവ സീസണായതിനാൽ കുട്ടികളെ ആകർഷിക്കത്തക്കതായ മധുരപലഹാരങ്ങൾ എവിടെയും കാണാം. പക്ഷേ, ഈ കാണുന്നതൊക്കെ കുട്ടികൾ കഴിക്കാനിടയായാൽ വലിയ അപകടം വന്നുചേരാം
മിഠായികൾക്ക് കൃത്രിമ നിറം നൽകാനായി റോഡമിൻ ബി എന്ന മാരക രാസവസ്തു പല സ്ഥലങ്ങളിലും ഉപയോഗിച്ചുവരുന്നതായി ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കാൻസറിനു വരെ കാരണമായി ഭവിക്കാവുന്ന രാസവസ്തുവാണിത്. തൃശൂരിലെ ചേലക്കരയിൽ ഉത്സവപ്പറമ്പിൽ വില്പനയ്ക്കെത്തിച്ച ചോക്കു മിഠായിയിൽ റോഡമിൻ -ബി ചേർത്ത 30 കിലോ മിഠായി പല കടകളിൽ നിന്നായി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു. റോഡമിൻ-ബിയുടെ നിരന്തര ഉപയോഗം കാൻസറിനു കാരണമാകുമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ജില്ലയിലെ പല ഉത്സവ, പെരുന്നാൾ സ്ഥലങ്ങളിലും വഴിയോരത്തൊരുക്കുന്ന താത്കാലിക സ്റ്റാളുകളിലും വ്യാപകമായി വിറ്റഴിക്കപ്പെടുന്ന മിഠായിയാണിത്. ഭക്ഷണ സാധനങ്ങളിൽ കൃത്രിമ നിറങ്ങൾ ചേർക്കാൻ പാടില്ലെന്നു കൃത്യമായ നിർദ്ദേശമുണ്ട്. റോഡമിൻ ബിയുടെ ഉപയോഗം സർക്കാർ നിരോധിച്ചിട്ടുള്ളതുമാണ്. എന്നാൽ, ചോക്ക് മിഠായിക്ക് മഞ്ഞ, ഓറഞ്ച്, പിങ്ക് നിറങ്ങൾ ലഭിക്കാൻ ഇത് ചേർത്തിരുന്നതായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ.
ഉത്സവപ്പറമ്പുകളിൽ മിഠായി അടക്കം ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സ്റ്റാളുകളിൽ പലതും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമം കർശനമാക്കിയതിനു ശേഷം ആരാധനാലയങ്ങളിൽ നടക്കുന്ന പ്രസാദമൂട്ടിനും നേർച്ചയ്ക്കുമെല്ലാം ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനും ലൈസൻസും സർക്കാർ നിർബന്ധമാക്കിയിരുന്നു.
ഊരും പേരുമില്ലാത്ത സിപ്പ് അപ്പ് അപകടം
ഉത്സവപ്പറമ്പുകളിലും മറ്റും ഒരുക്കിയ സ്റ്റാളുകളിൽ 'സിപ് അപ്പ്' വിൽക്കുന്നതു കൃത്യമായ ലേബലോ നിർമാണ വിവരങ്ങളോ ഇല്ലാതെയാണ്. നീണ്ട പ്ലാസ്റ്റിക് കൂടുകളിലാക്കി വലിച്ചു കുടിക്കാവുന്ന വിധത്തിൽ പായ്ക്ക് ചെയ്ത് എത്തിക്കുന്ന ഐസ് പായ്ക്കറ്റുകളാണ് സിപ്പ് അപ്പ്. ഇവ എവിടെ നിർമിച്ചതാണെന്നോ ഏതു തീയതിയിൽ നിർമിച്ചതാണെന്നോ എത്രദിവസം കേടാകാതെ നിൽക്കുമെന്നോ ഉള്ള വിവരങ്ങളൊന്നും പ്രദേശികമായി നിർമിക്കുന്ന സിപ്പ് അപ്പ് പായ്ക്കറ്റുകളിൽ കാണാറില്ല. ഉത്സവത്തിനു വരുന്ന കുട്ടികൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നതും ഇതായിരിക്കും. ചൂടുകൂടി വരുന്നതിനാൽ ഇത്തരം ഐസ് ഉത്പന്നങ്ങൾക്ക് നല്ല ഡിമാന്റാണ്.
ഉൾവശത്ത് ലേബൽ പാടില്ല
ഹൽവ, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ പായ്ക്കറ്റുകളുടെ ഉൾവശത്തു ലേബൽ പതിക്കാൻ പാടില്ലെന്നാണ് നിയമം. ലേബൽ പുറത്താണ് പതിക്കേണ്ടത്. ഉൾഭാഗത്തു നിലവാരം കുറഞ്ഞ കടലാസിൽ പതിക്കുന്ന ലേബലുകളിൽ നിന്നു രാസവസ്തുക്കൾ ഭക്ഷണ സാധനങ്ങളിൽ കലരാൻ ഇടയാകും. ഇതു ഭക്ഷ്യവിഷബാധയ്ക്കും ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കാം.
നിയമം കർശനം
കൃത്യമായ ലേബൽ പതിക്കാതെ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തിയാൽ 3 ലക്ഷം രൂപ വരെ പിഴ ഈടാക്കാം. ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് വിൽക്കുന്നതെങ്കിൽ 5 ലക്ഷം രൂപ വരെ ഈടാക്കാം. ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കൾ ഭക്ഷണത്തിൽ കണ്ടെത്തിയാൽ 6 മാസം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം.