തിരുവനന്തപുരം: ഓഖി ദുരന്തത്തിനു ശേഷം മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി മത്സ്യബന്ധനം നടത്താൻ സുരക്ഷാ മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ച പുതിയ വള്ളങ്ങൾ. സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഒഫ് ഫിഷർമെൻ സൊസൈറ്റീസ് (സിഫ്സ്) ആണ് പുതിയതായി ബോട്ട് ഇൻബോർഡ് ഡീസൽ മോട്ടോർ ഘടിപ്പിച്ച 44 അടി നീളത്തിലുള്ള സീ ഡ്രാഗൺ 44 വള്ളവും പൂമ്പാറ്റയെന്ന ചെറുവള്ളവും പുറത്തിറക്കിയത്. വേളി ബോട്ട് യാർഡിൽ നിന്നായിരുന്നു വള്ളങ്ങൾ ആദ്യമായി നീരണിഞ്ഞത്.
അപകടത്തിൽപ്പെട്ടാൽ
പൊങ്ങിക്കിടക്കും
അപകടത്തിൽ പെട്ടാലും വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന വിധം പോളിയൂറത്തീൻ ഫോം നിറച്ചാണ് സീ ഡ്രാഗൺ നിർമ്മിച്ചിരിക്കുന്നത്. സുരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, ഫൈർ എക്സ്റ്റിഗ്യൂഷൻ, ലൈഫ് ലൈൻ, ഫസ്റ്റ് എയ്ഡ് ബോക്സ് മുതലായവയും ബോട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്. ഫൈബർ ഗ്ലാസ് ബോട്ടിൽ മത്സ്യബന്ധനത്തിനുള്ള പ്രവർത്തന ചെലവ് കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ 26 എച്ച്.പി എയ്ഷർ എയർകൂൾഡ് ഡീസൽ എൻജിൻ ടി.എം.ടി.എൽ എന്ന കമ്പനിയുമായി ചേർന്നു സഹകരിച്ചാണ് ഘടിപ്പിച്ചിരിക്കുന്നത്. എട്ടു പേർക്ക് മത്സ്യബന്ധനത്തിന് പോകാൻ സൗകര്യമുള്ള ബോട്ടിന് 8000 ലിറ്റർ സംഭരണ ശേഷിയാണുള്ളത്. ഇൗ അറയിൽ എെസോ മീനോ സൂക്ഷിക്കാം. ഇതിനു പുറമേ മത്സ്യബന്ധന ഉപകരണങ്ങളായ വല, ചൂണ്ട മുതലായവ സൂക്ഷിക്കാനുള്ള വലക്കള്ളി, എൻജിൻ റൂം, പാചക അറ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനുള്ള അറ, കുടിവെള്ളത്തിനുള്ള സംഭരണി, വീൽ ഹൗസ് മുതലായ സൗകര്യങ്ങളുമുണ്ട്. കൃഷ്ണകുമാർ, ക്രിസ്തുദാസ് മെൻഡസ് എന്നിവരുടെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയിലാണ് സീ ഡ്രാഗൺ 44 നിർമ്മിക്കപ്പെട്ടത്.
പൂമ്പാറ്റ മത്സ്യബന്ധനത്തിനും
വിനോദ സഞ്ചാരത്തിനും
ചെലവ് ചുരുക്കി 12 അടി നീളത്തിൽ എൻജിൻ പാക്കിംഗ് മെറ്റീരിയൽ ആയ കാർഡ് ബോർഡ്, മരക്കഷണങ്ങൾ, ഫൈബർ ഗ്ലാസ് തുടങ്ങിയവ ഉപയോഗിച്ച് ഉൾനാടൻ മത്സ്യബന്ധനത്തിനും തീരക്കടൽ മത്സ്യബന്ധനത്തിനും വിനോദ സഞ്ചാരത്തിനും ഉപയോഗിക്കാൻ തക്ക വിധം രൂപകല്പന ചെയ്തതാണ് പൂമ്പാറ്റ എന്ന ചെറുവള്ളം. രണ്ടു പേർക്ക് സഞ്ചരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. അനായാസമായി കൈകാര്യം ചെയ്യാനാകും എന്നതാണ് ഇൗ വള്ളത്തിന്റെ പ്രത്യേകത. 2.5 എച്ച്.പിയുടെ സുസുകി എൻജിൻ ഘടിപ്പിച്ച് പ്രവർത്തിക്കുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. സനൽകുമാർ, ക്രിസ്തുദാസ് മെർസലിൻ എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണം. പൂമ്പാറ്റ ഇതിനോടകം ഗുണഭോക്താക്കളുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും പ്രശംസ നേടിക്കഴിഞ്ഞു.
സിഫ്സിന്റെ വേളി ബോട്ട് യാർഡിൽ നിർമ്മിക്കപ്പെട്ട സീ ഡ്രാഗണിന്റെ നീറ്റിലിറക്കൽ ചടങ്ങിന്റെ ഉദ്ഘാടനം സിഫ്റ്റ് ടെക്നോളജി ഡിവിഷൻ ഹെഡ് ഡോ. ലീല എഡ്വിനും, ചെറുവഞ്ചിയായ പൂമ്പാറ്റയുടെ ഉദ്ഘാടനം സിഫ്സിന്റെ ചെയർമാൻ ജെയിംസും നിർവഹിച്ചു. ടി.എം.ടി.എൽ ഉദ്യോഗസ്ഥർ, തമിഴ്നാട് ഫിഷറീസ് ഉദ്യോഗസ്ഥർ, സിഫ്സ് ഭരണസമിതി അംഗങ്ങൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.