തിരുവനന്തപുരം : യാത്രക്കാരെ കഷ്ടത്തിലാക്കുന്ന നടപടി ഇനിയും തുടരണോയെന്നാണ് റെയിൽവേയോട് വേളിയിലെ നാട്ടുകാർ ദീർഘനാളായി ചോദിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചുവേളി സ്റ്റേഷന് വടക്കുള്ള ചെറിയ സ്റ്റേഷനായ വേളിയിലാണ് ട്രെയിനിലേക്കുള്ള കയറ്റവും ഇറക്കവും ബുദ്ധിമുട്ടായി തുടരുന്നത്. വടക്കോട്ടുള്ള ട്രാക്കിൽ മാത്രമാണ് ഇവിടെ പ്ലാറ്റ്ഫോം പണിതിട്ടുള്ളത്. തെക്കുഭാഗത്തേക്കുള്ള ട്രാക്കിൽ ട്രെയിൻ നിറുത്തുമ്പോൾ കോണിപ്പടിയിൽ തൂങ്ങിയിറങ്ങുക മാത്രമേ രക്ഷയുള്ളൂ. ചെറിയ സ്റ്റേഷനായതിൽ അധികസമയം ട്രെയിൻ നിറുത്താറുമില്ല. ചുരുക്കത്തിൽ ജീവൻ പണയം വച്ചാണ് യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്.
മെമു ഉൾപ്പെടെ ആറ് പാസഞ്ചർ ട്രെയിനുകൾ നിറുത്തുന്ന സ്റ്റോപ്പാണിത്. ഇതിനാൽ പലപ്പോഴും നല്ല തിരക്കാണ് ഇവിടെ ഉണ്ടാവുക. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ സ്റ്റേഷനിൽ മുൻപ് പ്ലാറ്റ്ഫോം എന്ന സംവിധാനം വർഷങ്ങളോളം ഉണ്ടായിരുന്നതേയില്ലെന്ന് നാട്ടുകാർ പറയുന്നു. സ്ത്രീകളും കുട്ടികളുമടക്കം വർഷങ്ങളോളം ഏണിപ്പടിയിൽ തൂങ്ങിയാണ് കയറുകയും ഇറങ്ങുകയും ചെയ്തിരുന്നത്. ഇതിനെതിരെ നാട്ടുകാരും യാത്രക്കാരും നൽകിയ നിരന്തരമായ പരാതികൾക്കൊടുവിൽ ആറേഴു വർഷം മുൻപാണ് ഇവിടെ ഒരു ഭാഗത്ത് പ്ലാറ്റ്ഫോം പണിതത്. എന്നാൽ രണ്ടാമത്തെ പ്ലാറ്റ്ഫോം ഉടൻ നിർമ്മിക്കാമെന്ന് അന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും യാതൊന്നും നടന്നില്ല. പ്ലാറ്റ്ഫോം ഇല്ലാത്ത തെക്കോട്ടുള്ള ട്രാക്കിന് ചുറ്റും കാടുപിടിച്ച് കിടക്കുന്ന അവസ്ഥയാണ്.
തുമ്പ വി.എസ്.എസ്.സി ജീവനക്കാരുടെ സൗകര്യാർത്ഥമാണ് ഇവിടെ സ്റ്റേഷൻ ആരംഭിച്ചത്. രാവിലെയും വൈകിട്ടും വി.എസ്.എസ് സി ജീവനക്കാരുടെ വലിയ തിരക്കാണ് ഉണ്ടാകുന്നത്. എന്നിട്ടും രണ്ടാമത്തെ പ്ലാറ്റ്ഫോം നിർമ്മിക്കണമെന്ന് സമ്മർദ്ദം ചെലുത്താൻ വി.എസ്.എസ്.സി അധികൃതർ തയ്യാറാകുന്നുമില്ല. നഗരം വികസിച്ചതോടെ മറ്റു പല സ്ഥാപനങ്ങളും ഈ മേഖലയിൽ ആരംഭിച്ചുകഴിഞ്ഞു. നിരവധി ഫ്ളാറ്റ് സമുച്ചയങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്. ടെക്നോപാർക്കുമായി ബന്ധപ്പെട്ട ഒരു ഭാഗം ഇവിടെ അടുത്തുതന്നെ പ്രവർത്തിക്കുന്നുണ്ട്. യു.എസ്.ടി ഗ്ലോബൽ, ഇൻഫോസിസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. നേവൽ വിംഗ്, എൻ.സി.സി ബറ്റാലിയൻ, നിഷ് എന്നീ സ്ഥാപനങ്ങളും ഈ സ്റ്റേഷന് സമീപത്താണുള്ളത്.
ഒരു പ്രദേശം വികസിക്കുന്നതനുസരിച്ച് അവിടത്തെ യാത്രാസൗകര്യം വർദ്ധിപ്പിക്കേണ്ടത് ജനപ്രതിനിധികളുടെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണ്. നാട്ടുകാരുടെ സൗകര്യം കണക്കിലെടുത്ത് രണ്ടാമത്തെ പ്ലാറ്റ്ഫോം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം സജീവമാണിപ്പോൾ.
രണ്ടാം പ്ളാറ്റ്ഫോം വേണമെന്ന് മനുഷ്യാവകാശ കമ്മിഷനും
വേളി റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോം വേണമെന്നും ഇതിനായി റെയിൽവേ ബോർഡിന് മുന്നിലുള്ള ആവശ്യത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തി അനുവദിച്ചെടുക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിർദ്ദേശം നൽകി. കുളത്തൂർ സ്വദേശി രവീന്ദ്രൻ നൽകിയ പരാതിയിലാണ് നിർദ്ദേശം.