രജീഷാ വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈനൽസിന്റെ ചിത്രീകരണം ഏപ്രിൽ 10ന് കട്ടപ്പനയിൽ തുടങ്ങും. സുരാജ് വെഞ്ഞാറമൂടും നിരഞ്ജും, മണിയൻപിള്ള രാജുവുമാണ് ഈ സ്പോർട്സ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
നവാഗതനായ അരുൺ പി.ആർ. രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന ആലീസ് എന്ന സൈക്ളിസ്റ്റിനെയാണ് രജീഷാ വിജയൻ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരമാണ് ഫൈനൽസിന്റെ മറ്റൊരു ലൊക്കേഷൻ. മേയ് അഞ്ച് മുതലാണ് തിരുവനന്തപുരത്തെ ചിത്രീകരണം. കഴക്കൂട്ടത്തെ വെലോഡ്രാമിലുൾപ്പെടെ ചിത്രീകരണമുണ്ടാവും. ഹെവൻലി മൂവീസുമായി ചേർന്ന് മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജുവും പി. രാജീവും ചേർന്നാണ് ഫൈനൽസ് നിർമ്മിക്കുന്നത്. എം.ഡി. രാജേന്ദ്രനും റഫീഖ് അഹമ്മദും എഴുതുന്ന ഗാനങ്ങൾക്ക് കൈലാസ് മേനോനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.