തിരുവനന്തപുരം: കാൻസർ ചികിത്സാരംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ പുതിയ മരുന്ന് വികസിപ്പിച്ചു. അർബുദ ചികിത്സാ രംഗത്ത് അത്ഭുതങ്ങൾക്കു സാധ്യതയുള്ള പുതിയ മരുന്നാണ് ഗവേഷകർ വികസിപ്പിച്ചെടുത്തത്. ഞരമ്പിൽ നേരിട്ടു കുത്തിവയ്‌ക്കാവുന്ന മരുന്ന് എലികൾ ഉൾപ്പെടെ മൃഗങ്ങളിൽ പരീക്ഷിച്ചു വിജയിച്ചു. കൂടുതൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി മരുന്നിന്റെ സാങ്കേതികവിദ്യ സ്വകാര്യ കമ്പനിക്കു കൈമാറി.
വിജയകരമായാൽ 3 വർഷത്തിനകം മരുന്ന് വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. നാട്ടിൽ വളരെ സുലഭമായി കിട്ടുന്ന ഒരു ചെടിയിൽനിന്നുള്ള ഏക തന്മാത്രാ രാസ പദാർത്ഥമുപയോഗിച്ചാണ് മരുന്ന് വികസിപ്പിച്ചത്. ആൽബുമിനുമായി (ഒരു തരം പ്രോട്ടീൻ) കൂട്ടിയിണക്കി കാൻസർ കോശങ്ങളിലേക്കെത്തിച്ചാണ് പരീക്ഷണം നടത്തിയത്. ചെടിയെക്കുറിച്ചും മരുന്ന് കൂട്ടിനെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇൗ ഗവേഷണം ലോകത്തു തന്നെ ആദ്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. അർബുദ കോശങ്ങളെ നശിപ്പിക്കുന്ന പദാർഥങ്ങൾ ചില സസ്യങ്ങളിൽ നിന്നു വേർതിരിച്ചെടുക്കാറുണ്ടെങ്കിലും അതൊന്നും ജലത്തിൽ ലയിക്കാത്തതിനാൽ കുത്തിവയ്പിലൂടെ ശരീരത്തിലേക്കു നേരിട്ടു കടത്തിവിടാനാവില്ല.
ശ്രീചിത്രയിലെ ഗവേഷകർ സസ്യപദാർഥത്തിലെ പ്രോട്ടീനും ആൽബുമിനുമായി സംയോജിപ്പിക്കുകയാണു ചെയ്തത്. അങ്ങനെയുണ്ടാക്കുന്ന മരുന്ന് ഞരമ്പുകളിൽ കൂടി കുത്തിവയ്ക്കാം. എസ്.സി.ടി.എസി 2010 എന്നാണ് മരുന്നിനു പേരു നൽകിയിരിക്കുന്നത്. കൂടുതൽ മൃഗങ്ങളിലുൾപ്പെടെ പരീക്ഷണങ്ങളിലൂടെ മാത്രമേ ഏതൊക്കെ തരം അർബുദങ്ങൾക്കു മരുന്നു ഫലപ്രദമാകുമെന്നു കണ്ടെത്താനാകൂ. മൂന്നോ നാലോ പരീക്ഷണഘട്ടങ്ങൾ കഴിഞ്ഞാൽ മാത്രമേ ഡ്രഗ് കൺട്രോളർ ജനറലിന്റെ ഉൾപ്പെടെ അംഗീകാരം ലഭിക്കൂ.
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിന്റെ ഭാഗമായാണ് ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മരുന്ന് വികസിപ്പിച്ചത്. 2010ലാണ് ഗവേഷണം ആരംഭിച്ചത്. ഡോ. രഞ്ജിത് പി. നായർ, മെജോ സി. കോര, ഡോ. മോഹനൻ, ഡോ. ആര്യ അനിൽ, ഡോ. ഹരികൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് ഗവേഷകർ. വിവിധരാജ്യങ്ങളിൽ ചെടികളിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഘടകങ്ങൾ ഉപയോഗിച്ച് അർബുദത്തിനെതിരെ മരുന്ന് കണ്ടെത്തുന്നുണ്ടെങ്കിലും അവ അത്ര ഫലപ്രദമല്ലെന്ന് ഗവേഷകർ പറയുന്നു.
അർബുദ ബാധിതരായ മനുഷ്യരിൽ ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് വിവിധഘട്ടങ്ങളിൽ പരീക്ഷണങ്ങൾ നടക്കണം. ഒന്നാം ഘട്ടത്തിൽ സന്നദ്ധപ്രവർത്തകരിൽ പരീക്ഷിക്കും. രണ്ടാംഘട്ടത്തിൽ ഒരു വിഭാഗം അർബുദ രോഗികളിൽ മറ്റു മരുന്നുകൾക്കൊപ്പം പരീക്ഷിക്കും. ഒന്നിലധികം ഡോസ് ഉപയോഗിച്ചാൽ മൃഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന പരീക്ഷണങ്ങൾക്ക് ശേഷമാകും മനുഷ്യരിൽ പരീക്ഷണം ആരംഭിക്കുക. ഇത്തരം പരീക്ഷണങ്ങൾക്കായി ഗവേഷണ ഫലം എയ്റ്റോഅക്സ്ബയോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറി. ഏറെ ചെലവേറിയതിനാലാണ് മറ്റൊരു കമ്പനിക്ക് ഗവേഷണഫലം കൈമാറിയത്. ഫലം വിജയിച്ചാൽ മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ മരുന്ന് വിപണിയിൽ എത്തിക്കാൻ കഴിയുകയുള്ളൂ.