child-seat

തിരുവനന്തപുരം: പതിമൂന്ന് വയസിൽ താഴെയുള്ള കുട്ടികൾ വാഹനത്തിന്റെ മുൻസീറ്റ‌ി‌ലിരുന്ന് യാത്ര ചെയ്യുന്നത് വിലക്കിക്കൊണ്ട് ബാലാവകാശ കമ്മീഷൻ. വാഹനങ്ങൾ അപകടങ്ങളിൽ പെടുന്ന സാഹചര്യങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്നതും ജീവഹാനി ഉണ്ടാകാനും സാദ്ധ്യത കൂടുതലാണെന്ന് കണ്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

വാഹനങ്ങളിൽ ചൈൽഡ് സീറ്റ‌്‌ ഘടിപ്പിക്കാനും,​ സീറ്റ‌്‌ ബെൽറ്റ് നിർബന്ധമാക്കിയ വാഹനങ്ങളിൽ കുട്ടികളെ പിൻസീറ്റ‌ി‌ലിരുത്താനും നിയമഭേദഗതി വരുത്തണമെന്ന് മോട്ടോർ വാഹന വകുപ്പിന് ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. സംഗീതജ്ഞൻ ബാലഭാസ്കറും രണ്ടു വയസുകാരിയായ മകൾ തേജസ്വിനിയും അപകടത്തിൽ മരിച്ചതിനെ തുടർന്ന് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നിയമം കർശനമാക്കാനുള്ള നടപടികൾ സ്വീകരിച്ചത്.

അപകടങ്ങൾ സംഭവിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ എയർബാഗ് ഉണ്ടെങ്കിലും അപകട സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്. മടിയിലിരിക്കുകയാണെങ്കിൽ അവർ തെറിച്ച് വീഴാനും എയർബാഗ് പൊട്ടുമ്പോൾ ഇതിനിടയിൽ പെട്ട് പരിക്കേൽക്കാനുമുള്ള സാദ്ധ്യതയും കൂടുതലാണ്. അതിനാൽ കാറുകളിൽ ചൈൽഡ് സീറ്റ‌്‌‌ ഘടിപ്പിക്കുന്നതിനെ സംബന്ധിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്താൻ ഗതാഗത കമ്മീഷണറും വനിതാ-ശിശു വികസന വകുപ്പും നടപടിയെടുക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

കുട്ടികൾ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരിക്കുന്നതാണ് സുരക്ഷിതമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളതിനാൽ വിദേശ രാജ്യങ്ങളിൽ വാഹനങ്ങളിൽ ചൈൽഡ് സീറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട്. പിൻസീറ്റിന്റെ മധ്യഭാഗത്തായി പിന്നിലേക്ക് അഭിമുഖമായാണ് ചൈൽഡ് സീറ്റ‌ു‌കൾ ഘടിപ്പിക്കേണ്ടത്. വിപണിയിൽ വിവിധ തരത്തിലുള്ള ചൈൽഡ് സീറ്റ‌ു‌കൾ നിലവിൽ ലഭ്യമാണ്.