ചരിത്രത്തിലെ ഏറ്റവും ദുർഘടമായ പ്രതിസന്ധിഘട്ടത്തിലൂടെയാണ് ബ്രിട്ടൻ കടന്നുപോകുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോകണമെന്ന തീരുമാനം നടപ്പിലാക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളു. നിലവിലെ തീരുമാനപ്രകാരം 2019 മാർച്ച് 29-നാണ് യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ വിട്ടുപോകേണ്ട അവസാന തീയതി. വിടുതൽ സംബന്ധിച്ച് യൂറോപ്യൻ യൂണിയനുമായി പ്രധാനമന്ത്രി തെരേസ മേ, ആദ്യം തയ്യാറാക്കിയ കരാറോ പിന്നീട് ഭേദഗതി വരുത്തിയ കരാറോ അംഗീകരിക്കാൻ ബ്രീട്ടിഷ് പാർലമെന്റ് ഇതുവരെ തയ്യാറായില്ലയെന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
യൂറോപ്യൻ സാമ്പത്തിക സമൂഹം
28 യൂറോപ്യൻ രാജ്യങ്ങൾ ചേർന്നുള്ള സാമ്പത്തിക കൂട്ടായ്മയാണ് യൂറോപ്യൻ ഇക്കോണമിക് യൂണിയൻ. രണ്ടാം ലോക മഹായുദ്ധാനന്തരം 1957-ലാണ് ഈ സാമ്പത്തിക കൂട്ടായ്മ നിലവിൽ വന്നത്. യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ ഒന്നും രണ്ടും മഹായുദ്ധ കാലയളവിലുണ്ടായ സംഘർഷവും അകൽച്ചയും ഒഴിവാക്കി, പരസ്പര സഹകരണത്തിലൂടെ കൂട്ടായ വളർച്ച എന്ന കാഴ്ചപ്പാടിലാണ് ഈ സാമ്പത്തിക കൂട്ടായ്മ നിലവിൽ വന്നത്. യൂണിയനിൽ സ്വതന്ത്ര വ്യാപാരം, അംഗരാജ്യങ്ങളിലെ പൗരന്മാർക്ക് അതിരുകളില്ലാത്ത സഞ്ചാര, തൊഴിൽ സാദ്ധ്യതകളും ഈ കൂട്ടായ്മ ഉറപ്പ് നൽകുന്നു. യൂണിയന്റെ നാണയമായ യൂറോ, ബ്രിട്ടൻ ഒഴികെയുള്ള പ്രധാനരാജ്യങ്ങൾ തങ്ങളുടെ ഔദ്യോഗിക കറൻസിയായും അംഗീകരിച്ചിട്ടുണ്ട്. യൂണിയന്റെ ജനാധിപത്യ സ്വഭാവം നിലനിറുത്താനായി രൂപീകരിച്ച യൂറോപ്യൻ പാർലമെന്റ് വിപുലമായ അധികാരങ്ങളുള്ള നിയമനിർമ്മാണ സഭയാണ്.
ഹിതപരിശോധന
കഴിഞ്ഞ കുറേ വർഷങ്ങളായി ബ്രിട്ടനിലെ ചില രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചുകൊണ്ടിരുന്ന ഒരു ആവശ്യമായിരുന്നു യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോരണമെന്നത്. അതിരുകളില്ലാത്ത കുടിയേറ്റവും അതുവഴി ബ്രിട്ടീഷ് പൗരന്മാർക്ക് തൊഴിൽ സാദ്ധ്യതകൾ നഷ്ടപ്പെടുന്നതും സാംസ്കാരിക രംഗത്തുണ്ടാകുന്ന വൈദേശിക അധിനിവേശവും, യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോരണമെന്ന ആവശ്യത്തിന് ബലമേറാൻ കാരണമായി. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ ഒരു വിഭാഗവും യൂണിയൻ വിടണമെന്ന (ബ്രെക്സിറ്റ്) ആവശ്യത്തിനു വേണ്ടി മുറവിളി കൂട്ടി. അങ്ങനെയാണ് 2016 ജൂൺ 23-ന് ബ്രെക്സിറ്റ് എന്ന ആവശ്യത്തിന്മേൽ ഹിതപരിശോധന നടത്താമെന്ന് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂൺ തീരുമാനിച്ചത്.
വ്യക്തിപരമായി കാമറൂൺ ഈ ആവശ്യത്തെ അംഗീകരിക്കുന്ന ആളല്ലായിരുന്നു. എന്നാൽ ഹിതപരിശോധന ഫലം അദ്ദേഹത്തെയും ഞെട്ടിച്ചു കളഞ്ഞു. ഹിതപരിശോധനയിൽ പങ്കെടുത്ത 51.8 ശതമാനം പേർ ബ്രെക്സിറ്റ്ന് അനുകൂലമായി വിധിയെഴുതി. തുടർന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളിൽ കാമറൂൺ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയും, ബ്രെക്സിറ്റ് വിരുദ്ധയായ തെരേസ മേ പ്രധാനമന്ത്രിയാകുകയും ചെയ്തു. ഹിതപരിശോധന ഫലം നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയ തെരേസ, തന്റെ കരങ്ങൾക്ക് ശക്തിപകരാനായി 2017 ജൂൺ എട്ടിന് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തി. എന്നാൽ, പ്രതീക്ഷയ്ക്ക് വിപരീതമായി, കേവല ഭൂരിപക്ഷം പോലും ലഭിക്കാത്ത അവസ്ഥ സംജാതമാകുകയും, സഖ്യകക്ഷി ഭരണത്തിലൂടെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ നിർബന്ധിതയാകുകയും ചെയ്തു.
പാർലമെന്റ് തള്ളിയ കരാർ
പ്രധാനമന്ത്രിയായ ശേഷം വിട്ടുവീഴ്ചയില്ലാത്ത ബ്രെക്സിറ്റ് (ഹാർഡ് ബ്രെക്സിറ്റ്) എന്ന ആശയമാണ് മേ സ്വീകരിച്ചത്. യൂറോപ്യൻ യൂണിയനുമായി വ്യാപാരബന്ധവും നികുതി സമ്പ്രദായവും സ്വതന്ത്ര സഞ്ചാരവും പൂർണമായും നിറുത്തലാക്കുന്നതാണ് ഹാർഡ് ബ്രെക്സിറ്റ്. എന്നാൽ കരാർ തയ്യാറാക്കിയപ്പോൾ അവർക്ക് പലകാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു.
ഉത്തര അയർലണ്ടുമായുള്ള അതിർത്തിയുമായി ബന്ധപ്പെട്ട് കരാറിൽ ഉൾപ്പെടുത്തിയ വ്യവസ്ഥകളാണ് ഏറെ വിമർശിക്കപ്പെട്ടത്. യൂറോപ്യൻ യൂണിയന്റെ നികുതി വ്യവസ്ഥയും മറ്റ് നിയന്ത്രണങ്ങളും നിലനിറുത്തുന്നതാണ് മേ തയാറാക്കിയ ബ്രെക്സിറ്റ് കരാർ. ഈ വ്യവസ്ഥകൾ യൂറോപ്യൻ യൂണിയന് അടിയറവ് പറയുന്നതാണെന്ന് ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന പാർലമെന്റ് അംഗങ്ങൾ പറയുന്നു. എന്നാൽ രാജ്യത്തെ സാമ്പത്തികമായും രാഷ്ട്രീയമായും ദുർബലമാക്കുന്ന കരാറാണിതെന്ന് ബ്രെക്സിറ്റ് വിരുദ്ധർ പറയുന്നത്. ഇക്കാരണങ്ങളാൽ രണ്ടുകൂട്ടരും മേയുടെ കരാറിനെ എതിർക്കുന്നു. തെരേസ മേയുടെ കരാർ രണ്ടുതവണ ബ്രീട്ടിഷ് പാർലമെന്റ് വോട്ടിനിട്ട് പരാജയപ്പെടുത്തി. മേ തയാറാക്കിയ ബ്രെക്സിറ്റ് കരാറിന് അനുകൂലമായി ഇനിയുമൊരു വോട്ടെടുപ്പിനുള്ള സാദ്ധ്യത മങ്ങിയിരിക്കുകയാണ്.
രണ്ടാം ഹിത പരിശോധന എന്ന ആവശ്യം
രണ്ടാമതൊരു ഹിതപരിശോധന വേണമെന്ന ആവശ്യം ബ്രിട്ടനിലെമ്പാടും ശക്തമായി ഉയർന്നു വരികയാണ്. മാർച്ച് 23-ന് ലണ്ടനിലെ ഹൈഡ് പാർക്കിൽ നടന്ന റാലിയിൽ ലക്ഷക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. രണ്ടാമതൊരു ഹിതപരിശോധന ആവശ്യപ്പെട്ടു കൊണ്ടു നടക്കുന്ന ഒപ്പിടീൽ പ്രചാരണത്തിൽ 35 ലക്ഷത്തോളം പേർ ഇതിനോടകം ഒപ്പിട്ടു. ബ്രെക്സിറ്റിന് അനുകൂലമായും പ്രതികൂലമായും തെരേസ മേയുടെ പാർട്ടിയിൽ ശക്തമായ ശാക്തികചേരികളും ഉണ്ടായിരിക്കുകയാണ്. ഈ അവസരത്തിലാണ് യൂറോപ്യൻ യൂണിയൻ തന്നെ തെരേസ മേയ്ക്ക് ആശ്വാസമായി എത്തിയിരിക്കുന്നത്. കരാറില്ലാതെയാണെങ്കിൽ, ബ്രിട്ടന് ഏപ്രിൽ 12-നകം യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു കടക്കാം. ബ്രീട്ടിഷ് പാർലമെന്റ് കരാർ അംഗീകരിച്ചാൽ മേയ് 22 വരെ സാവകാശം നൽകാം എന്നും അവർ അറിയിച്ചിരിക്കുന്നു. മറ്റൊരു പോംവഴി ബ്രെക്സിറ്റിനുള്ള 50-ാം വകുപ്പ് റദ്ദാക്കി യൂറോപ്യൻ യൂണിയനിൽ തുടരുകയെന്നതാണ്.
ദീർഘകാലത്തേക്ക് സമയപരിധി നീട്ടാൻ പാർലമെന്റ് തീരുമാനിക്കുകയാണെങ്കിൽ, തെരേസ മേയ് രാജി വച്ച് ബ്രിട്ടനിൽ പൊതുതിരഞ്ഞെടുപ്പു നടത്തണമെന്നും വീണ്ടും ഹിതപരിശോധന വേണമെന്നും യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്. മേ രാജി വച്ചുമാറണമെന്ന ആവശ്യം അവരുടെ മന്ത്രിസഭാംഗങ്ങൾ തന്നെ ഉന്നയിച്ചു കഴിഞ്ഞു. അതിനായി തിരശീലയ്ക്ക് പിറകിൽ കൺസർവേറ്റീവ് പാർട്ടിയിലെ സീനിയർ നേതാക്കൾ കരുക്കൾ നീക്കിത്തുടങ്ങി. ഏതായാലും ഈ ആഴ്ചത്തെ പാർലമെന്റ് സമ്മേളനം ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ബ്രെക്സിറ്റിൽ തെന്നി തെരേസ മേയുടെ പ്രധാനമന്ത്രി സ്ഥാനത്തിനു ഇളക്കം വരാനും സാദ്ധ്യതയുണ്ട്. ഏതായാലും ഇപ്പോഴത്തെ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ഇക്കാര്യത്തിലും അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
( ലേഖകന്റെ ഫോൺ : 9847173177)