മുംബയ്: ലോക്‌സഭ തിരഞ്ഞെടുപ്പിനു മുൻപുള്ള ലിറ്റ്മസ് ടെസ്റ്റിൽ വിജയിച്ച് ബിജെപി-ശിവസേന സഖ്യം. പാൽഘർ മുനിസിപ്പാലിറ്റിയിൽ നടന്ന തിരഞ്ഞെടുപ്പിൽ 28 ൽ 21 സീറ്റുകൾ നേടിയാണ് സഖ്യം വിജയിച്ചത്. അതേസമയം, തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ മത്സരിച്ച കോൺഗ്രസ് -എൻ.സി.പി സഖ്യത്തിന് കനത്ത പരാജയമാണ് നേരിട്ടത്. എൻ.സി.പി രണ്ട് സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ബി.ജെ.പിക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന വാർത്തയാണിത്.
ശിവസേനയിൽ നിന്ന് വിട്ട് വിമതരായി മത്സരിച്ചവരിൽ അഞ്ചു സ്ഥാനാർത്ഥികൾ വിജയിച്ചു. പത്തൊൻപത് സീറ്റുകളിലാണ് ശിവസേന മത്സരിച്ചത് ഇതിൽ പതിനാല് സീറ്റുകളിലും വിജയിക്കുകയും ചെയ്തു. ബി.ജെ.പി മത്സരിച്ച ഒൻപത് സീറ്റുകളിൽ ഏഴുസീറ്റുകളിൽ വിജയം നേടുകയും ചെയ്തു. മഹാരാഷ്ട്രയിൽ ഇരുപാർട്ടികളും സഖ്യമായി ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചതിനു ശേഷമായിരുന്നു പാൽഘർ തെരഞ്ഞെടുപ്പ്.
നിയമസഭയുൾപ്പെടെ പല തിരഞ്ഞെടുപ്പുകളിലും പരസ്പരം മത്സരിച്ച ഇരുപാർട്ടികളും ഈയിടെയാണ് വീണ്ടും സഖ്യം ചേർന്ന് മത്സരിക്കാൻ തീരുമാനിച്ചത്. ബി.ജെ.പി-ശിവസേന സഖ്യത്തിനായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശിവസേന നേതാവ് ആദിത്യ താക്കറെയും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയിരുന്നു.