ochira-girl-kidnapped

കൊല്ലം: ഓച്ചിറയിൽ നിന്ന് തട്ടികൊണ്ടു പോയ പെൺകുട്ടിയെ കണ്ടെത്തി.. മുംബയിൽ നിന്ന് കേരള പൊലീസ് സംഘമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയോടൊപ്പമുണ്ടായിരുന്ന മുഹമ്മദ് റോഷനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഷാഡോ സംഘമാണ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയെയും യുവാവിനെയും ഉടൻ തന്നെ കേരളത്തിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

കൊല്ലം ഓച്ചിറയിൽ വച്ചായിരുന്നു മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷം പതിമൂന്നുകാരിയെ തട്ടികൊണ്ടു പോയത്. രാജസ്ഥാൻ സ്വദേശികളായ ഇവർ ഇവിടെ വഴിയോരക്കച്ചവടം നടത്തിവരികയായിരുന്നു.. കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. അവിടെ കയറിയാണ് നാലംഗ സംഘം മകളെ തട്ടികൊണ്ടുപോയത്.

സംഭവത്തിൽ ഉൾപ്പെട്ട മുഖ്യ പ്രതി മുഹമ്മദ് റോഷൻ, ബിബിൻ, അനന്തു, പ്യാരി എന്നിവർക്കെതിരെയാണ് പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്.. നിലവിൽ ബിബിൻ, അനന്തു, പ്യാരി എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. തട്ടിക്കൊണ്ടുപോകൽ, ബാലപീഡനം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.