ഇബ്രാഹിം എന്ന ഒരു സൂഫി സന്ന്യാസിയുടെ കഥ സദ്ഗുരു പറയുന്നു . ഇബ്രാഹിം മഹാനായ സൂഫി സന്യാസിയായിരുന്നു. ഒരു കാലത്ത് അദ്ദേഹം ഒരു രാജാവായിരുന്നു. ഒരിക്കൽ ഒരുകൂട്ടം ഒട്ടകങ്ങളുമായി അദ്ദേഹം മക്കയിലേക്ക് സഞ്ചരിക്കുകയായിരുന്നു. അകമ്പടിയായി ഒരു സംഘം പരിചാരകരുമുണ്ടായിരുന്നു. പരമാവധി ആഡംബരപൂർണമായിട്ടായിരുന്നു യാത്ര. അദ്ദേഹത്തിന് സ്വർണം കൊണ്ടുള്ള കുറ്റികളിലുറപ്പിച്ച ഏറ്റവും ആഡംബരം നിറഞ്ഞ കൂടാരങ്ങളുണ്ടായിരുന്നു. സ്വർണം പൂശാവുന്ന സാധനങ്ങളെല്ലാം അദ്ദേഹം അപ്രകാരം ചെയ്തിരുന്നു. അദ്ദേഹം ധരിച്ചിരുന്നത് ഏറ്റവും ആഡംബരം നിറഞ്ഞ വസ്ത്രങ്ങളായിരുന്നു.
അലഞ്ഞു തിരിയുന്ന മറ്റൊരു സൂഫി, ഉപവാസവും വ്രതങ്ങളുമനുഷ്ഠിക്കുന്ന ഒരു മുസ്ളിം സന്യാസി, ആ വഴി കടന്നു പോകാനിടയായി. അവിടത്തെ എല്ലാ ആഡംബരങ്ങളും കണ്ട അദ്ദേഹം, 'ഇത് ആദ്ധ്യാത്മികനായ ഒരു വ്യക്തിയാകാനിടയില്ലെന്നു" ചിന്തിച്ചു. ഇബ്രാഹിമിനെ കണ്ടപ്പോൾ അദ്ദേഹം ഇങ്ങനെ കുറ്റപ്പെടുത്തി;
''നിങ്ങൾ എന്തുതരം സൂഫിയാണ്? നിങ്ങളിപ്പോഴും ഭൗതികസമ്പത്തിനെ മുറുകെപ്പിടിച്ചു കൊണ്ടിരിക്കുന്നു, നിങ്ങളുടെ സ്വർണക്കുറ്റികളെ! "" ഇബ്രാഹിം വെറുതെ തലയാട്ടുകയും, അദ്ദേഹത്തോടു അല്പനേരം വിശ്രമിക്കാൻ പറയുകയും ചെയ്തു. പിന്നീട്, രാത്രി വീണ്ടും കണ്ടുമുട്ടിയപ്പോൾ ഇബ്രാഹിം പറഞ്ഞു; ''നാളെ അതിപ്രഭാതത്തിൽ നമുക്ക് മക്കയിലേക്കുനടക്കാം, നമ്മൾ രണ്ടുപേർ മാത്രം."" ആ മനുഷ്യൻ പറഞ്ഞു, ''ശരി, ഞാൻ അങ്ങോട്ടാണു പോകുന്നത്. ""
അവർ രാവിലെ ഒരുമിച്ച് പുറപ്പെട്ടു. ഏതാനും മണിക്കൂറുകൾ മരുഭൂമിയിലൂടെ നടന്നുകഴിഞ്ഞപ്പോൾ, തന്റെ ഭിക്ഷാപാത്രം ഉറക്കറയിൽ മറന്നുവച്ചതായി ആ മനുഷ്യൻ ഓർമ്മിച്ചു. അദ്ദേഹം ഇബ്രാഹിമിനോടു പറഞ്ഞു; ''ഞാനെന്റെ ഭിക്ഷാപാത്രം മറന്നിരി ക്കുന്നു. തിരികെച്ചെന്ന് അതെടുക്കട്ടെ.""അദ്ദേഹം തിരിഞ്ഞു നടക്കാൻ തുടങ്ങി.
ഇബ്രാഹിം ആ മനുഷ്യന്റെ നേർക്ക് നോക്കിയിട്ട് പറഞ്ഞു; ''ഞാൻ എല്ലാ ഭൗതികസമ്പത്തും ഒട്ടകങ്ങളും കൂടാരം കെട്ടാനുള്ള സ്വർണക്കുറ്റികളും എല്ലാം വിട്ടുപോന്നിരിക്കുകയാണ്. മാത്രമല്ല, തിരിഞ്ഞു നോക്കാതെയാണു ഞാൻ നടക്കുന്നത്. എന്നാൽ നിങ്ങൾ ഒരു ഭിക്ഷാപാത്രത്തിനു വേണ്ടി തിരികെ പോകാനാഗ്രഹിക്കുന്നു. ആ സ്വർണക്കുറ്റികൾ തുളച്ചിറങ്ങിയിരിക്കുന്നത് കേവലം മണലിൽ മാത്രമാണ്, എന്റെ ഹൃദയത്തിലല്ല എന്ന് നിങ്ങളറിയണമെന്ന് ഞാനാഗ്രഹിയ്ക്കുന്നു. അവ ഉരുക്കോ സ്വർണമോ ആകട്ടെ, എന്നെ സംബന്ധിച്ചിടത്തോളം ഒരു വ്യത്യാസവുമില്ല. അതുകൊണ്ട് ഞാനവ സ്വർണത്തിൽ നിർമ്മിച്ചിരിക്കുന്നു. പക്ഷേ നിങ്ങളോ? നിങ്ങൾക്ക് സ്വന്തം ഭിക്ഷാപാത്രമുപേക്ഷിച്ച് നടന്നകലാൻ കഴിയുന്നില്ല. നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് വിശുദ്ധമായതിലും വിശുദ്ധമായതെന്നു കരുതപ്പെടുന്ന മക്കയിലേക്കാണ്. എന്നാൽ, ഒരു ഭിക്ഷാപാത്രത്തെ പ്രതി നിങ്ങൾ തിരിഞ്ഞു നടക്കുന്നു. ഞാനാകട്ടെ ഒരു ഭിക്ഷാപാത്രം പോലും കൊണ്ടുനടക്കുന്നില്ല.''അതിനു ശേഷം ഇബ്രാഹിം നടന്നകന്നു.
നിങ്ങൾക്ക് എന്തുണ്ട്, എന്തില്ല, നിങ്ങൾ എന്താഹാരം കഴിക്കുന്നു, ഏതു വസ്ത്രം ധരിക്കുന്നു, എതുവിധത്തിൽ ജീവിക്കുന്നു എന്നതൊന്നും നിങ്ങളുടെയുള്ളിൽ നിങ്ങളെന്താണെന്നതിനെ നിശ്ചയിക്കാൻ പാടുള്ളതല്ല. ബാഹ്യമായി, താനാഗ്രഹിക്കുന്ന ഏതുവിധത്തിലും നിങ്ങൾക്ക് ജീവിക്കാം. തന്റെയുള്ളിൽ ഏതുവിധത്തിൽ നിങ്ങളെത്തന്നെ പാലിക്കുന്നുവെന്നതാണു പ്രധാനം. അല്ലെങ്കിലൊരു പക്ഷേ, നിങ്ങൾ എല്ലാം വാരിക്കൂട്ടുകയും, എന്നിട്ടും ഒന്നുമില്ലാത്തവനായിരിക്കുകയും ചെയ്യുന്നു.
ഗുഹാമനുഷ്യന്റെ കാലം മുതൽക്കേ ആളുകൾ സാധനങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കുട്ടിയായിരുന്നപ്പോൾ നിങ്ങൾ തിളക്കമുള്ള കല്ലിൻ കഷണങ്ങൾ ശേഖരിച്ചിരുന്നു. പിന്നീട് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. കല്ലുകൾക്ക് ഇപ്പോൾ വില കൂടിയിരിക്കുന്നുവെന്ന വ്യത്യാസമേയുള്ളു. കുട്ടിക്കാലത്ത് നിങ്ങൾക്കവ കടൽത്തീരത്തു നിന്നും പെറുക്കിയെടുക്കാമായിരുന്നു. ഇപ്പോൾ നിങ്ങൾക്കവ വലിയ വില കൊടുത്തു വാങ്ങേണ്ടി വരും. എന്നാൽ, ഒന്നുംതന്നെ മാറിയിട്ടില്ല. നിങ്ങൾ ഇപ്പോഴും വാരിക്കൂട്ടാനാഗ്രഹിക്കുന്നു.
നിങ്ങൾ വാരിക്കൂട്ടുന്നതെല്ലാം, ബന്ധങ്ങളും കുടുംബവും സ്ഥലവും കെട്ടിടങ്ങളും വിജ്ഞാനവും ആശയങ്ങളുമല്ലാം ജീവന് അലങ്കാരമേറ്റാനുള്ളവയാണ്. ആളുകൾ ഏറെ സാധനങ്ങൾ ശേഖരിക്കുമ്പോൾ അവ അവരെ കുടുക്കിലാക്കുകയും ബന്ധിക്കുകയും അവർ അവയുമായി താദാത്മ്യത്തിലാകുകയും ചെയ്യുന്നു. അതിന്റെ ഫലമായി അവർ തങ്ങളായിരിക്കുന്ന ജീവചൈതന്യത്തെ ഒരിക്കലും അനുഭവിച്ചറിയുന്നില്ല.
ജീവിതമിരിക്കുന്നത് നിങ്ങൾ ശേഖരിയ്ക്കുന്ന സാധനങ്ങളിലല്ല. വാരിക്കൂട്ടുന്നതിലൂടെ നിങ്ങൾ പൂർണനാകാൻ ശ്രമിക്കുകയാണ്. സാധനങ്ങൾ ആർജിക്കുന്നതിലൂടെ നിങ്ങൾ സാഫല്യം നേടാൻ ശ്രമിക്കുന്നു. ഏതെങ്കിലും വിധേന, സ്വന്തം ജീവിതം ശൂന്യമലമല്ലെന്നുറപ്പാക്കാൻ ശ്രമിക്കുന്നു. എന്നാൽ, ജീവിതത്തിലെ എല്ലാ മനോഹരമായ കാര്യങ്ങളും നിങ്ങൾക്കു സംഭവിച്ചിട്ടുള്ളത് ശൂന്യതയുടെ വേളയിൽ മാത്രമാണ്. ശൂന്യതയുടെ നിമിഷങ്ങളിൽ മാത്രമാണു നിങ്ങൾ സ്നേഹവും ആനന്ദവും ശാന്തിയും അറിഞ്ഞിട്ടുള്ളത്. എന്നാൽ യുക്തിപരമായും മനസുകൊണ്ടും നിങ്ങൾ ചിന്തിക്കുന്നത് താനാഗ്രഹിക്കാത്ത ഒരു കാര്യമാണു ശൂന്യതയെന്നാണ്.
ഭൂരിഭാഗം സമയങ്ങളിലും എന്റെ മനസിൽ ഒരൊറ്റ ചിന്ത പോലുമുണ്ടാകാറില്ല. ഞാൻ ശൂന്യനാണ്. ഞാൻ ഏറ്റെടുക്കുന്ന കർമങ്ങൾക്കാവശ്യമായ കാര്യങ്ങളൊഴികെ വിരളമായേ ഞാൻ സംസാരിക്കാറുള്ളു. എന്റെ മനസ് അത്രയേറെ ശൂന്യമായതിനാൽ അല്പം ശ്രമം നടത്തിയാൽ മാത്രമേ ചിന്തയും സംസാരവും സംഭവിക്കൂ. ഞാൻ വെറുതെ ഇരിക്കുകയാണെങ്കിൽ, എനിക്ക് സംസാരിക്കാൻ ചിന്തകളോ വാക്കുകളോ ഉണ്ടായിരിക്കുകയില്ല. ഞാൻ പൂർണമായും ശൂന്യനാണ്.
നിങ്ങളുടെയുള്ളിൽ നിറയെ ആശയങ്ങളാണെങ്കിൽ, അവിടവിടയൊക്കെ നിങ്ങളുടെ ആശയങ്ങൾ അസ്തിത്വവുമായി പൊരുത്തപ്പെട്ടേക്കാം. എന്നാൽ, തന്റേതെന്നു പറയാവുന്ന ഒന്നുംതന്നെ നിങ്ങളിലില്ലെങ്കിൽ, നിങ്ങൾ കേവലമൊരു ശൂന്യമായ ഇടം മാത്രമാണെങ്കിൽ, അപ്പോൾ, മുഴുവൻ അസ്തിത്വവും പൂർണമായും നിങ്ങളിൽ കൊള്ളുന്നതായിരിക്കും. നിങ്ങൾ നിശേഷം, പൂർണമായും ശൂന്യനായിത്തീരുകയാണെങ്കിൽ, ശേഖരിക്കുന്നതിനു വേണ്ടിയുള്ള ശേഖരിക്കൽ ഉണ്ടാകുകയില്ല. നിങ്ങളുടെ പക്കൽ എന്തുണ്ടോ, അതു നിങ്ങൾ ആഴത്തിലാസ്വദിക്കുന്നു. അതവിടെയില്ലെങ്കിൽ നിങ്ങളതിന്റെ അഭാവം ആസ്വദിക്കുന്നു.