bjp

കാൻപൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ അതൃപ്തി പരസ്യമാക്കി ബി.ജെ.പിയിലെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷി രംഗത്തെത്തി. മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജോഷിക്ക് നൽകിയതെന്ന പേരിൽ ഒരു പ്രസ്താവന സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രസ്താവനയിൽ അദ്ദേഹം ഒപ്പിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

തന്നോട് മത്സരിക്കേണ്ടെന്ന് ബി.ജെ.പിയുടെ ജനറൽ സെക്രട്ടറി രാംലാൽ പറഞ്ഞെന്ന് മുരളി മനോഹർ ജോഷി പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2014ൽ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മത്സരിക്കാനായി സീറ്റ് ഒഴിച്ചിടുകയായിരുന്നു അദ്ദേഹം. എന്നാൽ ഇപ്പോൾ കാൻപൂർ സീറ്റ് കൂടി അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് സൂചന. 57ശതമാനം വോട്ടുകൾ നേടി റെക്കോഡ് ഭൂരിപക്ഷത്തിൽ മുരളി മനോഹർ ജോഷി വിജയിച്ച സീറ്റാ‌ണ് കാൻപൂർ.

അതേസമയം,​ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് ഇത്തവണ എൽ.കെ അദ്വാനിയുടെ സിറ്റിംഗ് സീറ്റായ ഗാന്ധിനഗറിൽ മത്സരിക്കുന്നത്. തൊണ്ണൂറുകൾക്ക് ശേഷം ഇതാദ്യമായാണ് എൽ.കെ അദ്വാനിയും,​ മുരളി മനോഹർ ജോഷിയും ഇല്ലാത്ത സ്ഥാനാർത്ഥി പട്ടിക ബി.ജെ.പി പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ മുരളി മനോഹർ ജോഷിയുടെ സീറ്റായ കാൻപൂരിൽ ഇതുവരെ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.