ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തങ്ങളുടെ സ്ഥാനാർത്ഥികളെ ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ആലത്തൂരിൽ ടി,വി ബാബു, ഇടുക്കിയിൽ ബിജു കൃഷ്‌ണൻ, മാവേലിക്കരയിൽ തഴവ സഹദേവൻ എന്നിവരാണ് മത്സരിക്കുക. എന്നാൽ കാത്തിരുന്ന തൃശൂരും വയനാടും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കേരളത്തിൽ എന്തായാലും എൻ.ഡി.എ കുറഞ്ഞത് നാലഞ്ചു സീറ്റിലെങ്കിലും ജയിക്കാനുള്ള സാധ്യതയുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ തുഷാർ വ്യക്തമാക്കി. തൃശൂർ എൻ.ഡി.എയ്‌ക്ക് ഏറ്റവും ജയസാധ്യതയുള്ള സീറ്റാണ്. തന്റെ സ്ഥാനാർത്ഥിത്വം താനല്ല പ്രഖ്യാപിക്കുന്നത്. ബി.ഡി.ജെ.എസ് കൗൺസിൽ കൂടിയിട്ട്, മത്സരിക്കണമെന്ന് കൗൺസിൽ പറഞ്ഞാൽ തീർച്ചയായും എവിടാണെങ്കിലും മത്സരിക്കുമെന്നും തുഷാർ പറഞ്ഞു.