car

ഇന്നു വിപണിയിലെത്തുന്ന ഒട്ടുമിക്ക കാറുകളിലും യാത്രക്കാരുടെ സുരക്ഷക്കായി നിർമാതാക്കൾ എയർബാഗുകൾ സ്ഥാപിക്കുന്നുണ്ട്. കാറിൽ എയർബാഗുകൾ ഉണ്ടെങ്കിൽ ഭേദപ്പെട്ട സുരക്ഷ ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഇന്ത്യയെ സംബന്ധിച്ച് എയർബാഗ് എന്നത് സുരക്ഷ എന്നതിലുപരി ഒരു പുതിയ ഫീച്ചറായിട്ടാണ് അവതരിപ്പിക്കുന്നത്. എന്നാൽ എയർബാഗുള്ള കാറുകളിൽ യാത്ര ചെയ്യുന്നവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്.

കാറിലെ മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഒരു സൗകര്യത്തിനോ ആശ്വാസത്തിനോ ഒക്കെയായി നമ്മൾ കാലുകൾ ഡാഷ് ബോർഡിന് മുകളിൽ കയറ്റി വയ്ക്കുന്ന പതിവുണ്ട്. അപകടങ്ങൾ ഉണ്ടാകുമ്പോൾ എയർബാഗുകളുള്ള കാറിന്റെ ഡാഷ് ബോർഡിൽ കാൽ കയറ്റി വച്ചാൽ നിങ്ങൾ വിളിച്ച് വരുത്തുന്നത് വലിയ അപടമായിരിക്കും എന്ന് എത്രപേർ ചിന്തിച്ചിട്ടുണ്ട്...?​ എയർബാഗുകളുള്ള കാറിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് എ.ഡി.സി.ബി എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ സി.കെ.പി മുല്ലക്കോയ എന്ന വ്യക്തി പോസ്റ്റ് ചെയ്തിരിക്കുന്ന വിവരങ്ങൾ ശ്രദ്ധിക്കാം...

ഡാഷ്‌ബോർഡിൽ കാൽ കയറ്റി വെയ്ക്കരുത്

''ഡ്രൈവറിനൊപ്പം മുൻനിരയിൽ ഇരിക്കുന്ന യാത്രക്കാർ ഡാഷ്‌ബോർഡിൽ കാലുകൾ കയറ്റിവെയ്ക്കുന്ന പതിവ് കാണാറുണ്ട്. ഇരട്ട മുൻ എയർബാഗാണ് കാറിലെങ്കിൽ ഈ ശീലം ഗുരുതര അപകടം വരുത്തിവെയ്ക്കും.

ചെറിയ സ്‌ഫോടനത്തോടെയാണ് എയർബാഗുകൾ പുറത്തുവരാറ്. ഡാഷ്‌ബോർഡിൽ കാലുകൾ വെച്ചിരിക്കുന്ന സമയത്താണ് എയർബാഗുകൾ പുറത്തേക്ക് വരുന്നതെങ്കിൽ കാലുകൾക്ക് സാരമായ പരുക്കേൽക്കും.

ഇനി ഇരട്ട മുൻ എയർബാഗ് ഇല്ലെങ്കിൽ തന്നെ ഈ ശീലം ഒഴിവാക്കുന്നതാണ് ഉത്തമം. ഡാഷ്‌ബോർഡിൽ കാൽ കയറ്റിവെച്ചാണ് യാത്രയെങ്കില്‍ അപകടത്തിൽ പരുക്കേൽക്കാനുള്ള സാധ്യത കൂടും.''