liquor-and-beer

കേരളത്തിൽ താപനില വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മദ്യാപാനികൾക്കായി ഒരു ചെറിയ മുന്നറിയിപ്പ്. ചൂടേറി വരുന്ന സമയങ്ങളിലെ മദ്യപാനം അത്ര നല്ലതല്ലെന്നാണ് വിദഗ്ദ ഡോക്ടർമാർ പറയുന്നത്. കാരണം ചൂട് കൂടിയ സമയങ്ങളിൽ മദ്യപിക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന നിർജലീകരണം മരണത്തിന് വരെ കാരണമാകുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്.

ചൂട് കൂടിയ സമയങ്ങളിൽ പ്രത്യേകിച്ച് ഉച്ച സമയങ്ങളിൽ മദ്യപിച്ചാൽ ശരീരം അമിതമായി ചൂടാവുന്നത് മൂലം ശരീരത്തിലെ ജലാംശം കുറഞ്ഞ് രക്തം കട്ടപിടിച്ച് ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണമാകും. കൂടാതെ ഇത് വൃക്കയുടെ പ്രവർത്തനങ്ങളെയും കാര്യമായി ബാധിക്കും. അമിതമായി മദ്യപിച്ച് വഴിയോരത്ത് കിടക്കുന്നവരിലാണ് ഇത്തരത്തിൽ മരണ സാദ്ധ്യത കൂടുതലായി കാണുന്നത്.

അമിതമായ ചൂടിൽ രക്തത്തിലെ സോഡിയം,​ പൊട്ടാസ്യം,​ കാൽസ്യം,​ മഗ്നീഷ്യം എന്നീ മൂലകങ്ങൾ ഗണ്യമായി കുറയും. ഇതിൽ സോഡിയം,​ പൊട്ടാസ്യം എന്നിവയുടെ കുറവ് ഹൃദയത്തിന്റെ താളം തെറ്റിക്കുകയും ഹൃദയസ്തംഭനത്തിന് കാരണമാകുകയും ചെയ്യും. 135മുതൽ 152മില്ലിഗ്രാം സോഡിയമാണ് സാധാരണ നിലയിൽ വേണ്ടത്. ഇത് 110മില്ലി ഗ്രാമിൽ കുറഞ്ഞാൽ അപകടമാണെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോക്‌ടറായ എസ്.പ്രഭാകരൻ പറഞ്ഞു.

കടുത്ത ചൂടിൽ നിന്ന് ആശ്വാസം തേടാനായി തണുത്ത ബിയർ കഴിക്കുന്നവരും ശ്രദ്ധിക്കണം. ബിയർ കഴിക്കുമ്പോൾ  താൽക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും ശരീരത്തിലെ നിർജലീകരണത്തിന്റെ തോത് വർദ്ധിപ്പിക്കാൻ കക്ഷിയും മിടുക്കനാണെന്ന കാര്യം മറക്കണ്ട.